കേരളത്തിൽ ‘ഹരിത പടക്കങ്ങൾ’ മാത്രം; ദീപാവലി,ക്രിസ്മസ് -പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊട്ടിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍.
പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതല്‍ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാന്‍ അനുവാദമുള്ളു. എന്നാല്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെ പടക്കം പൊട്ടിക്കാം. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിയുമാണെന്ന് ഉത്തരവില്‍ പറയുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം മോഡറേറ്റ് നിലയില്‍നിന്ന് താഴെപ്പോയിട്ടില്ല. വായു ഗുണനിലവാരം മോശമായ ഇന്ത്യന്‍ നഗരങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിൽ ഹരിത പടക്കങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ കുറവാണ്. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പടക്കങ്ങളെത്തുന്നത്. ഈ സാഹചര്യത്തിൽ ഉത്തരവ് പൂർണമായും പാലിക്കപ്പെടുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here