തക്കാളി ഓട്ടയില്ലാത്തത് ഒന്നരകിലോ, നീളമുള്ള കടുംപച്ച മുളക് (ഫ്രീ വാങ്ങണം)… സോഷ്യൽ മീഡിയയിൽ ചിരിവിതറി ഒരു പച്ചക്കറി പട്ടിക

പച്ചക്കറി ഷോപ്പിങ് പല പുരുഷന്മാരെ സംബന്ധിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല. വാടിയതും കേടായതുമെല്ലാം ഒന്നിച്ചുകൂട്ടിയിടുന്നതിൽ നിന്ന് നല്ലത് നോക്കി തിരഞ്ഞെടുക്കാൻ കുറച്ച് പരിചയം വേണം. അതില്ലാത്ത തൻ്റെ ഭർത്താവിന് തെലങ്കാനയിൽ നിന്നുള്ള ഭാര്യ എഴുതിനൽകിയ കുറിപ്പടിയാണ് വ്യാപക ചർച്ചക്ക് വഴിവച്ചിരിക്കുന്നത്. മാർക്കറ്റിൽ പച്ചക്കറികൾ വാങ്ങാൻ പോവുകയായിരുന്ന തനിക്ക് ഭാര്യ നൽകിയ നിർദേശങ്ങൾ എന്ന ക്യാപ്ഷനോടെ മോഹന്‍ പാര്‍ഗേന്‍ എന്ന മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഇത് എക്സിൽ ഷെയർ ചെയ്തത്.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ മുതൽ പാൽവരെ പട്ടികയിലുണ്ട്. ഓരോന്നും തിരിച്ചറിയാനായി ചിത്രങ്ങൾ വരെ വരച്ചു ചേർത്തിട്ടുണ്ട്. പച്ചനിറമോ മുളകളോ ഇല്ലാത്ത മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് ഒരു കിലോ, ഒരുപാട് കട്ടിയുള്ളതോ സോഫ്റ്റ് ആയതോ അല്ലാത്ത വെണ്ടക്ക (പൊട്ടിച്ചുനോക്കണം), മഞ്ഞയും ചുവപ്പും കലർന്ന തക്കാളി ഓട്ടയില്ലാത്തത് ഒന്നരക്കിലോ, ഉരുണ്ട ചെറിയ സൈസിലുള്ള ഉള്ളി ഒന്നരക്കിലോ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. കടുംപച്ച നിറമുള്ള നീളമുള്ള പച്ചമുളക് ഫ്രീയായി ചോദിച്ച് വാങ്ങണമെന്നും കുറിപ്പിൽ ഭർത്താവിന് നിർദേശമുണ്ട്.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് ഈ കുറിപ്പടി. ഇത്രയും മിനക്കെട്ട് സമയമെടുത്ത് ലിസ്റ്റ് തയ്യാറാക്കിയ ഭാര്യയെ അഭിനന്ദിക്കുകയാണ് പലരും. പച്ചക്കറി വാങ്ങാൻ പോകുന്ന ആർക്കും ഗുണം ചെയ്യുന്നതാണ് ഈ കുറിപ്പടി എന്ന് പലരും പറയുന്നുണ്ട്. തനിക്ക് ആവശ്യമുള്ള ഓരോന്നിനെ സംബന്ധിച്ചുമുള്ള കൃത്യതയും വ്യക്തതയും മാതൃകയാക്കേണ്ടതാണ് എന്നും ചിലർ കമൻ്റിൽ കുറിച്ചു. ഇങ്ങനെ ഒട്ടേറെ പോസിറ്റീവായ കമന്റുകൾ ഏറ്റുവാങ്ങുന്നുണ്ട് അറിയപ്പെടാത്ത ആ ഭാര്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top