ഫ്രാന്‍സിസ് ജോര്‍ജിന്‍റെ അപരന്മാരുടെ പത്രികകള്‍ തള്ളി; സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 204 സ്ഥാനാര്‍ത്ഥികള്‍

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ അപരന്മാരുടെ പത്രികകള്‍ തള്ളി. ഫ്രാന്‍സിസ് ജോര്‍ജ്, ഫ്രാന്‍സിസ് ഇ.ജോര്‍ജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. ജില്ലാ വരണാധികാരി വിളിച്ചു ചേർത്ത ഹിയറിങ്ങിന് ശേഷമാണ് പത്രികകൾ തള്ളിയത്. ഇവര്‍ക്കെതിരെ യുഡിഎഫ് ഉന്നയിച്ച പരാതികള്‍ അംഗീകരിച്ചുകൊണ്ടാണ് വരണാധികാരിയുടെ നടപടി.

സിപിഎം പ്രാദേശിക നേതാവായ ഫ്രാൻസിസ് ജോർജിന്റെ പത്രിക അപൂർണമായിരുന്നു. സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ അപൂർണമായതിനാലാണ് പത്രിക തള്ളിയത്. കേരള കോൺഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ ഫ്രാൻസിസ് ഇ.ജോർജിന്റെ പത്രികയിലെ ഒപ്പുകൾ വ്യാജമെന്ന ആരോപണങ്ങളും തെളിഞ്ഞു. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാനും സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

ജനാധിപത്യം അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും എൽഡിഎഫിന് പരാജയ ഭീതിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചിരുന്നു. എൽഡിഎഫ് അല്ലെങ്കിൽ ഇരുവരെയും പാർട്ടികളിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 17 പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്.

അതേസമയം, പാലക്കാട്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.വിജയരാഘവന്റെ അപരന്‍ വിജയരാഘവന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ അപരന്‍ എസ്.ശശിയുടെ പത്രിക സ്വീകരിച്ചു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ അപര ശൈലജയുടെ പത്രികയും സ്വീകരിച്ചു. സംസ്ഥാനത്ത് 86 പേരുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 204 ആയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top