രേവണ്ണ, പണ്ടേ ആള് പിശകാണ്; 30 കൊല്ലം മുമ്പ് മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ടിലെ ഹോട്ടലിൽ നിന്ന് പുറത്താക്കി; ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി മുൻ എംപി
ബംഗലൂരു: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജനതാദൾ എസ് നേതാവ് എച്ച്ഡി രേവണ്ണക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്. 30 വർഷം മുമ്പ് ഇംഗ്ലണ്ടിൽ വെച്ച് പെരുമാറ്റദൂഷ്യത്തിന് രേവണ്ണയെ ഹോട്ടലിൽ നിന്ന് ചവിട്ടി പുറത്താക്കിയിരുന്നുവെന്ന് മാണ്ഡ്യയിലെ മുൻ എംപിയായ എൽ ആർ ശിവരാമ ഗൗഡ അവകാശപ്പെട്ടു. കോൺഗ്രസിലും ജനതാദളിലും നിയമസ ഭാംഗമായിരുന്നു ഗൗഡ. നിലവിൽ ബിജെപിയുടെ നേതാവാണിദ്ദേഹം.
ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് താനും കേട്ടിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പറഞ്ഞു. 30 വർഷം മുമ്പ് സ്വകാര്യ സന്ദർശനത്തിന് താനും രേവണ്ണയുമൊത്ത് ഇംഗ്ലണ്ട് സന്ദർശിച്ചിരുന്നു. ഒപ്പം രണ്ടു പേരുടേയും ഭാര്യമാരും ഉണ്ടായിരുന്നു. ഹോട്ടലിൽ വെച്ച് രേവണ്ണയുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപെട്ട അധികൃതർ ഇയാളെ അവിടെ നിന്ന് പുറത്താക്കി. ഇപ്പോൾ എന്തിൻ്റെ പേരിലാണോ അറസ്റ്റിലായത്, അതേ കുറ്റം ഇംഗ്ലണ്ടിലും ഇയാൾ ചെയ്തിരുന്നുവെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പ്രത്യേക സംഘം രേവണ്ണയെ ബലാൽസംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷിക്കുന്ന കർണാടക പോലീസിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് (എസ്ഐടി) രേവണ്ണയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
രേവണ്ണയുടെ അച്ഛൻ അക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നതുകൊണ്ട് മറ്റ് കുഴപ്പങ്ങൾ അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായില്ലെന്ന് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. രേവണ്ണയുടെ ഇംഗ്ലണ്ടിലെ പെരുമാറ്റ ദൂഷ്യ സംഭവത്തെ ശരിവെക്കുകയായിരുന്നു അദ്ദേഹം. 1996 കാലത്ത് രേവണ്ണയുടെ പിതാവ് എച്ച് ഡി ദേവഗൗഡ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അക്കാലത്തെ കർണാടക മന്ത്രിസഭയിൽ ഭവനനിർമാണ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായിരുന്നു രേവണ്ണ.
ഹാസനിലെ ജനതാദൾ എംപി യും രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ 300 ലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് വിദേശത്തേക്ക് കടന്നിരിക്കുകയാണ്. വീട്ടുവേലക്കാരിയുടെ പീഡന പരാതിയിലാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇംഗ്ലണ്ടിൽ രേവണ്ണ നടത്തിയ സ്വഭാവദൂഷ്യത്തെക്കുറിച്ച് അവിടെ പോയി തെളിവ് ശേഖരിക്കാൻ എസ്ഐടി തയ്യാറാകണമെന്നും ശിവരാമ ഗൗഡ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here