ഗണേശ് കുമാറിനോട് കളിച്ചാൽ… ഒന്നാംതീയതി ശമ്പളം വേണമെന്ന് ആവശ്യപ്പെട്ടവർക്ക് ഇനിയെന്ന് കിട്ടുമെന്ന് കണ്ടറിയണം!!

ഒന്നാം തീയതി ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. സമരം ചെയ്ത കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ടവർക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകുമെന്ന് ഉറപ്പായി. ഇവരുടെ ശമ്പളബിൽ പ്രത്യേകാനുമതിക്ക് ശേഷമേ അയക്കാവൂ എന്നാണ് നിര്‍ദേശം. സമരത്തിന് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിന് പുറമേയാണ് ഈ പണി. സമരം ചെയ്തവരുടെ ശമ്പളബില്‍ പ്രത്യേകം തയ്യാറാക്കാനാണ് ഉന്നതതല നിര്‍ദേശം.
സമരത്തിനിറങ്ങാത്ത, ഡയസ്‌നോണ്‍ ബാധകമാകാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി തയ്യാറാക്കി അപ്രൂവല്‍ നല്‍കണമെന്നാണ് ചീഫ് അക്കൗണ്ട്സ് ഓഫിസറുടെ നിർദേശം. ഡയസ്‌നോണ്‍ ബാധകമായി ഒരുദിവസത്തെ ശമ്പളം പിടിക്കാനുള്ളവരുടെ ഫെബ്രുവരിയിലെ ശമ്പളം പ്രത്യേക അനുമതി നൽകിയ ശേഷം മാത്രമേ അനുവദിക്കാവൂ എന്നും നിർദേശമുണ്ട്. ഇതോടെ പണിമുടക്കിയവർക്ക് ശമ്പളം വൈകുമെന്ന് ഉറപ്പായി.
ജീവനക്കാരുടെ സമരത്തിനെതിരെ മന്ത്രി ഗണേശ് കുമാർ നേരിട്ട് രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്നത് പ്രാകൃതമാണെന്ന് പറഞ്ഞ ഗണേശ്, സമരത്തെ ജനം പരാജയപ്പെടുത്തിയെന്നും പിന്നീട് അവകാശപ്പെട്ടു. കേരളത്തിലെ ജനങ്ങൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് സമരത്തിൻ്റെ പരാജയം എന്ന് വ്യക്തിപരമായി പോലും മന്ത്രിയുടെ വിലയിരുത്തൽ ഉണ്ടായിരുന്നു. ബസിന് കേടുപാട് ഉണ്ടായതിൽ സമരക്കാരോട് നഷ്ടം ഈടാക്കുമെന്ന മുന്നറിയിപ്പും ഗണേശ് നൽകിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കൂടുതൽ പണികൾ പ്രതിഷേധിച്ചവരെ തേടിയെത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here