ചിലവ് ഏഴായിരം കോടി, വരവ് രണ്ടു ലക്ഷം കോടി!! കാശെറിഞ്ഞ് കാശുവാരുന്ന യോഗി സർക്കാരിന്‍റെ കുംഭമേളയുടെ സാമ്പത്തിക രാഷ്ട്രീയം
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. ഇന്ന് നടന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് 45 ദിവസം നീളുന്ന മഹാ കുംഭമേള ആരംഭിച്ചത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് 50 ലക്ഷത്തിലധികം ആളുകളാണ് ആദ്യത്തെ പുണ്യസ്നാനത്തിൽ പങ്കെടുത്തത്.
മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കുന്ന ചടങ്ങുകളിൽ 40 കോടിപ്പേർ എത്തുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിക്കുന്നത്. അതായത് അമേരിക്കയുടേയും റഷ്യയുടേയും ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ കുംഭമേളയിൽ പങ്കെടുക്കുമെന്ന് അർത്ഥം.
മഹാ കുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി ‘മഹാ കുംഭമേള’ എന്ന പേരിൽ നാല് മാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചിരുന്നു. ഏകദേശം 4,000 ഹെക്ടറിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വലിയ വരുമാനമാണ് മഹാ കുംഭമേളയിലൂടെ യോഗി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആകെ 7000 കോടി രൂപയാണ് ബജറ്റ്. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 40 കോടി സന്ദർശകരിൽ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാണ് ഈ തുക ലഭിക്കുക.
2019 ൽ പ്രയാഗ്‌രാജിൽ നടന്ന അർദ്ധ കുംഭമേളയിലൂടെ 1.2 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം 24 കോടി തീർത്ഥാടകരാണ് അർദ്ധ കുംഭമേളയിൽ പങ്കെടുത്തത്. ഏത് സമയത്തും 50 ലക്ഷം മുതൽ ഒരു കോടി വരെ ഭക്തരെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക നഗരമായാണ് വേദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here