മാത്യു കുഴല്‍നാടന് ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയെന്ന് റവന്യൂ വകുപ്പ് ; വാങ്ങിയപ്പോള്‍ അളന്നിരുന്നില്ലെന്ന് ആവര്‍ത്തിച്ച് എംഎല്‍എ

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോർട്ടില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന് റവന്യൂ വകുപ്പ്. വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് ചിന്നക്കനാല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് തഹസീല്‍ദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. എന്നാല്‍ പരിശോധനയില്‍ ഒരേക്കര്‍ 73 സെന്റ് ഭൂമി റിസോര്‍ട്ടിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.

മാത്യു കുഴല്‍നാടന്റെ വിശദമായ മൊഴിയെടുത്ത ശേഷമാണ് അധികമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍വേ വിഭാഗത്തെ കൊണ്ട് സ്ഥലം പൂര്‍ണ്ണമായും അളന്നാണ് അധിക ഭൂമി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ഇതുകൂടി പരിശോധിച്ച ശേഷമാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കു.

റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഭൂമി വാങ്ങിയപ്പോള്‍ അളന്ന് നോക്കിയല്ല ഇടപാട് നടത്തിയത്. അത് വിജിലന്‍സിനോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് പരിശോധിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top