സൗദി പഴയ സൗദിയല്ല; മാറ്റങ്ങളുടെ കാറ്റുവീശിയ, പോയ അഞ്ചുവർഷങ്ങളിലൂടെ

റിയാദ്: കർശന നിയമങ്ങൾക്ക് പേരുകേട്ട രാജ്യമാണ് സൗദി അറേബ്യ. കടുത്ത മുസ്ലിം മത നിയമങ്ങൾ അനുസരിച്ചാണ് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നത്. എന്നാൽ എഴുപത് വർഷങ്ങൾക്ക് ഇപ്പുറം വിനോദസഞ്ചാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിൽ ഇളവ് കൊണ്ട് വരികയാണ് രാജ്യമിപ്പോൾ. ആദ്യ മദ്യശാല തുറക്കുന്നതാണ് ഏറ്റവും പുതിയ മാറ്റം.

പ്രധാന വരുമാന മാർഗം ഇന്ധനമായത് കൊണ്ട് യുഎഇ പോലെയോ മറ്റ് അറബ് രാഷ്ട്രങ്ങളിലെ പോലെയോ വിദേശികൾക്കായി നിയമങ്ങളിൽ ഇളവ് കൊണ്ട് വരാൻ സൗദി തയ്യാറായിരുന്നില്ല. മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക സ്ഥിതി ചെയ്യുന്നത് ഇവിടെയായതും നിയമങ്ങൾ കർശനമാക്കാൻ ഒരു പ്രധാന കാരണമാണ്. 2017ൽ സൗദി കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റതിന് ശേഷമാണ് രാജ്യത്ത് മാറ്റങ്ങളുടെ കാറ്റടിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ വിഷന്‍ 2030 നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങള്‍

2018ൽ സിനിമ പ്രദർശനത്തിന് അനുമതി നൽകി കൊണ്ടാണ് ഇളവുകൾക്ക് തുടക്കമിട്ടത്. സൗദിയിലെ മതപുരോഹിതന്മാർ 1970കള്‍ മുതല്‍ സിനിമാ പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കികൊണ്ടാണ് 2018 ഏപ്രിലിൽ ‘ബ്ലാക്ക് പാന്തർ’ എന്ന സിനിമ പ്രദർശിപ്പിച്ചത്. 2030ഓടെ രാജ്യത്താകെ 300 സിനിമ തീയേറ്ററുകൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശക്തമായ സെൻസർഷിപ്പിന് ശേഷമാകും സിനിമകൾ പ്രദർശിപ്പിക്കുക. മറ്റൊരു വലിയ മാറ്റം സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതാണ്. പതിറ്റാണ്ടുകൾ നീണ്ട വിലക്ക് മാറ്റിയാണ് സ്ത്രീകളെ വാഹനം ഓടിക്കാൻ അനുവദിച്ചത്. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത വിലക്കായിരുന്നു ഇത്. സ്ത്രീകൾക്ക് യാത്ര ചെയ്യണമെങ്കിൽ പുരുഷന്റെ സഹായമില്ലാതെ സാധിക്കില്ലാ എന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വന്നത്. 2018 ജൂണിലാണ് വിലക്ക് നീക്കിയത്.

സൗദിയിലെ സ്ത്രീകൾക്ക് പാസ്പോര്‍ട്ട് എടക്കണമെങ്കിലോ തനിച്ച് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിലോ പുരുഷ രക്ഷിതാവിന്റെ അനുമതി ആവശ്യമായിരുന്നു. ഈ നിയമം 2019ൽ ഇളവ് ചെയ്തു. 21 വയസിനോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് പുരുഷ രക്ഷിതാവിന്റെ സമ്മതം ഇല്ലാതെ പാസ്‌പോർട്ടിന് അപേക്ഷിക്കാനും വിദേശത്തേക്ക് പോകാനും ഭരണകൂടം അനുമതി നൽകും. സ്ത്രീക്ക്മേൽ പുരുഷനുള്ള സർവ്വാധിപത്യത്തിന് അയവ് വരുത്തിയതാണ് ഈ പരിഷ്കരണമെന്നായിരുന്നു വിലയിരുത്തൽ.

മുൻപ് മുസ്ലിം തീർത്ഥാടകർക്കും പ്രവാസി തൊഴിലാളികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമാണ് വിസ അനുവദിച്ചിരുന്നതെങ്കിൽ, 2019 മുതൽ വിനോദസഞ്ചാരികൾക്കും വിസ നൽകി തുടങ്ങി. 2018 മുതൽ കലാ – കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുമതി നൽകി തുടങ്ങിയിരുന്നു. വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 50 ദ്വീപുകളില്‍ ആഡംബര റിസോർട്ടുകൾ നിർമിക്കാൻ ഒരുങ്ങുകയാണ് രാജ്യം. എന്നാൽ വസ്ത്രധാരണത്തിൽ ഉൾപ്പെടെ സൗദിയുടെ നിയമങ്ങൾ അനുസരിക്കാൻ വിനോദസഞ്ചാരികൾ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മറ്റൊരു ചരിത്രപരമായ മാറ്റം സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുസ്ഥലത്ത് ഒന്നിച്ച് നിൽക്കാനുള്ള അനുമതി നൽകിയതാണ്. 2018ൽ ഫുട്ബോൾ മത്സരം കാണാൻ ആദ്യമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് അനുവാദം നൽകിയിരുന്നു. ഇപ്പോൾ ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പുരുഷന്മാർക്കൊപ്പം നിൽക്കാൻ അനുമതിയുണ്ട്. ഇതോടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിൽമേഖലകളിൽ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് തുറന്നത്. ഇതിനുപുറമെ പർദ്ദ ധരിക്കുന്നതിനും ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മുസ്ലിം അല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് വേണ്ടി മദ്യശാലകൾ തുറക്കുകയാണ് സൗദി ഭരണകൂടം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top