ബാങ്കുകവർച്ചക്ക് പിന്നിൽ ഭാര്യയെ പേടി തന്നെ!! ഉറപ്പിച്ച് പോലീസ്; ഭാര്യ ലീവ് റദ്ദാക്കിയേക്കും; സ്കൂളിൽ പോകാനുമാകാതെ റിജോയുടെ മക്കൾ

കോവിഡ് കാലത്ത് ഗൾഫിലെ ജോലി പോയി നാട്ടിൽ തിരിച്ചെത്തിയതാണ് റിജോ ആൻ്റണി. ജോലി പോയെന്ന് വച്ച് ആർഭാടത്തിന് ഒട്ടും കുറവില്ലാത്ത ജീവിതം. സുഹൃത്തുക്കളുമൊത്ത് സ്ഥിരം മദ്യപാന പരിപാടികൾ… കൂട്ടുകാരുടെ പിറന്നാളെന്നോ പള്ളിപ്പെരുന്നാളെന്നോ വേണ്ട, ചെണ്ടയ്ക്ക് കോലുവയ്ക്കുന്നിടത്തൊക്കെ ചാടിവീഴുന്ന പ്രകൃതം. ഗൾഫിൽ നഴ്സായ ഭാര്യയുടെ ചിലവിലായിരുന്നു ഈ ആർഭാടങ്ങളൊക്കെ. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം അതറിയാം. അറിയാതെ പോയത് ഒരാൾക്ക് മാത്രം; പഠിക്കുന്ന മക്കളടക്കം ഉള്ള കുടുംബത്തിന് വേണ്ടി പണമയക്കുന്ന ഭാര്യക്ക് മാത്രം.
ഭാര്യ അയക്കുന്ന പണത്തിൻ്റെ നാലിരട്ടിയെങ്കിലും കടമെടുത്തും ചിലവാക്കി റിജോ. മറ്റുള്ളവർ കടം കൊടുക്കുന്നതും റിജോയെ കണ്ടല്ല, കുടുംബത്തിന് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഭാര്യയെ കണ്ടാണ്, ഗൾഫിൽ നിന്ന് അവർ മുടങ്ങാതെ പണം അയക്കുന്നതിൻ്റെ ധൈര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവർ നാട്ടിലെത്തുമ്പോൾ ഈ കടമെല്ലാം വീട്ടുമെന്ന് പലരും പ്രതീക്ഷിക്കും. വരുന്ന ഏപ്രിലിൽ അവർ അവധിക്ക് എത്താനിരിക്കെ, അതിന് മുൻപേ കടമെല്ലാം തീർക്കാൻ റിജോ വഴിതേടിയത് ഈ പേടിയിലാണ്. ഏതാണ്ട് 49 ലക്ഷം കടമുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഈ കടം വാങ്ങി ചിലവഴിച്ച തുകക്കൊന്നും ഭാര്യയോട് കണക്ക് പറയാൻ കഴിയുന്ന സാഹചര്യമില്ല. അതിലും എളുപ്പം കവർച്ചയാണെന്ന് റിജോ കണക്കുകൂട്ടി. അതാണ് ഒടുവിൽ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. പോലീസ് വിളിപ്പിച്ചാൽ അല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് വരാനും അവർ തയ്യാറായേക്കില്ല എന്നാണ് സൂചനകൾ. ലീവ് ക്യാൻസൽ ചെയ്തേക്കും. ഭർത്താവിൻ്റെ അതിബുദ്ധി കാരണംമുണ്ടായ മാനക്കേട് അത്രക്കാണ്. അതേസമയം നാട്ടിൽ ഭർത്താവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മക്കളുടെ കാര്യത്തിൽ ആശങ്കയുണ്ട്. സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അവർ.
കവർച്ച ചെയ്ത പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്ന് റിജോ മൊഴി നൽകിയിരുന്നു. ബാങ്ക് കൊള്ളയടിച്ച പ്രതി റിജോ ആണെന്ന് വാർത്തയിലൂടെ അറിഞ്ഞ ആ സുഹൃത്ത്, പണമത്രയും ഇന്നലെ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. എന്നാൽ പോലീസ് അയാളെ തിരിച്ചയക്കുകയും ഇന്ന് തെളിവെടുപ്പിൻ്റെ ഭാഗമായി പ്രതിയുമായി എത്തി പണം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാങ്കിൽ നിന്ന് കവർച്ച ചെയ്ത തുകയിൽ വലിയൊരു ഭാഗം കെട്ടുപോലും പൊട്ടിക്കാത്ത അവസ്ഥയിൽ റിജോയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു.
വീടു നിർമിച്ചതിനെ ബാധ്യത തീർക്കാനായിരുന്നു കവർച്ച നടത്തിയതെന്ന് ആദ്യം പറഞ്ഞ പ്രതി പിന്നീടിത് മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണ് പ്രതിയെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ഈ വഴിക്കുണ്ടായ ചിലവും മറ്റ് ആർഭാടങ്ങളും ബാധ്യത വരുത്തിവച്ചു. കവർച്ച നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തിൽ നിന്ന് കുറച്ചെടുത്ത് മദ്യവും വാങ്ങിയാണ് വീട്ടിലെത്തിയത്. ഈ കുപ്പിയും ഇത് വാങ്ങാൻ കടയിൽ നൽകിയ നോട്ടുകളും തെളിവിൻ്റെ പ്രധാന ഭാഗമാകും. ഇവയടക്കം സുപ്രധാന തെളിവെല്ലാം ഈ ദിവസങ്ങളിൽ പോലീസ് ശേഖരിക്കും. ഒരേയൊരു പ്രതിയെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ കുറ്റപത്രം ഉടനടി സമർപ്പിക്കാനായേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here