എഴുത്ത് ലഹരിയെന്ന് റിപ്പര്‍ ജയാനന്ദന്‍; ജയിലില്‍ നിന്നെഴുതിയത് മാനസാന്തരത്തിന്റെ കഥ

കൊച്ചി: വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന ചിദംബരത്തിന്റെ മാനസാന്തരത്തിന്റെ കഥയാണ് റിപ്പര്‍ ജയാനന്ദന്‍റെ ‘പുലരി വിരിയും മുൻപേ’ എന്ന നോവലിന്റെ ഉള്ളടക്കം. രണ്ട് കൊലക്കേസുകളില്‍ പ്രതിയായി തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്. ജയാനന്ദന്‍റെ ആത്മകഥാംശമുള്ള നോവലാണ് ‘പുലരി വിരിയും മുൻപേ’.
ഒൻപതാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദന്‍ പുസ്തകങ്ങളുമായി സൗഹൃദത്തിലാകുന്നത് തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ലൈബ്രറിയില്‍ വെച്ചാണ്. ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. രണ്ട് നോവലുകൾ എഴുതി പൂർത്തിയാക്കി. ഇപ്പോള്‍ നോൺ ഫിക്ഷൻ എഴുതാനുള്ള ആലോചനയിലുമാണ്.
“ഇനിയും എഴുതാന്‍ തന്നെയാണ് തീരുമാനം. പുസ്തകമെഴുതി ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനത്തിന് വിനിയോഗിക്കും. തനിക്ക് നിയമസഹായം ലഭ്യമാക്കാനുള്ള പോരാട്ടത്തിനിടെ ഭാര്യയും മകളുമൊക്കെ ഒരുപാട് അനുഭവിച്ചു.”ജയാനന്ദന്‍ പറഞ്ഞു.
അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ് റിപ്പര്‍ ജയാനന്ദന് വേണ്ടി വാദിക്കാന്‍ ഹൈക്കോടതിയിലെത്തിയത്. പുസ്തക പ്രകാശനത്തിന് വേണ്ടി സാധാരണ പരോളില്‍ ഇറക്കാന്‍ കീര്‍ത്തി വാദിച്ചെങ്കിലും അനുവദിച്ചില്ല. പകരം രണ്ട് ദിവസത്തെ എസ്‌കോർട്ട് പരോൾ അനുവദിച്ചു. 17 വർഷമായി ജയിലിൽക്കഴിയുന്ന ആൾ എഴുതിയ പുസ്തകം. ഇത് കണക്കിലെടുത്താണ് പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനായി എസ്‌കോർട്ട് പരോൾ അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അഞ്ച് കൊലപാതകക്കേസിൽ പ്രതിയായിട്ടും അച്ഛന് പരോൾ ലഭിക്കാൻവേണ്ടി മകൾ നടത്തിയ നിയമപോരാട്ടത്തെയാണ് വാദത്തിനിടെ കോടതി അഭിനന്ദിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ‘സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം’ എന്ന ഗാനവും വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരോൾ ലഭിക്കാനായി ഭാര്യയും മകളും നടത്തിയ നിയമപോരാട്ടത്തെക്കുറിച്ച് എപ്പോഴും ഓർമിക്കണമെന്ന് ജയാനന്ദനെ കോടതി ഓര്‍മപ്പെടുത്തി.
റിട്ട.ജസ്റ്റിസ് നാരായണകുറുപ്പാണ് ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം നിര്‍വഹിച്ചത്. ജയിലിൽ വെച്ചുണ്ടായ പരിവർത്തനമാണ് ജയാനന്ദനെ എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. ജയാനന്ദന്റെ മകളുടെ ഭർതൃപിതാവ് കെ.പി. രാജഗോപാലാണ് പുസ്തകം ഏറ്റുവാങ്ങിയത്. ജയില്‍വാസം തുടരുന്നതിനിടെയാണ് നോവല്‍ എഴുതി പൂര്‍ത്തിയാക്കിയതും.
തൃശ്ശൂർ സ്വദേശിയായ ജയാനന്ദൻ അഞ്ച് കൊലപാതകക്കേസുൾപ്പെടെ 23 കേസുകളിലെ പ്രതിയാണ്. മൂന്നുകൊലക്കേസുകളിൽ കുറ്റവിമുക്തനായെങ്കിലും രണ്ടുകേസിൽ ശിക്ഷിക്കപ്പെട്ടു. എറണാകുളം പുത്തൻവേലിക്കര സ്വദേശിനിയെ കൊന്ന കേസിൽ വധശിക്ഷ വിധിച്ചിരുന്നു. സുപ്രീംകോടതി ഈ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here