റിപ്പർ ജയാനന്ദൻ്റെ പുസ്തകം വരുന്നു; ‘പുലരി വിരിയും മുമ്പേ’ പ്രകാശനത്തിന് പരോൾ അനുവദിച്ച് ഹൈക്കോടതി; ഹാജരായത് അഡ്വ. കീർത്തി ജയാനന്ദൻ

അരുംകൊലകൾ അടക്കം 23 കേസുകളിൽ പ്രതിയായി തൃശൂർ മാളയിൽ നിന്നുള്ള ജയാനന്ദൻ ജയിലിൻ്റെ പടികയറിയിട്ട് 17 വർഷമായി. അഞ്ചു കൊലക്കേസുകൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ രണ്ടുവട്ടം ജയിൽ ചാടി രക്ഷപെടാനും ശ്രമിച്ചു. അതുകൊണ്ട് അതീവ സുരക്ഷാ ഭീഷണിയുള്ള തടവുകാരുടെ പട്ടികയിലാണ് ജയാനന്ദൻ ഉൾപ്പെട്ടിരിക്കുന്നത്. ആളുകളെ തലയ്ക്കടിച്ച് കൊല്ലുന്ന കൊടുംക്രിമിനൽ എന്ന് കണക്കാക്കി പോലീസ് ചാർത്തിക്കൊടുത്ത റിപ്പർ എന്ന വിശേഷണവും കൂടിയായപ്പോൾ മലയാളികളുടെ മനസിൽ ഭീതിയുടെ പര്യായമായി മാറി റിപ്പർ ജയാനന്ദൻ എന്ന പേര്.

ഇതേ റിപ്പർ ഇപ്പോൾ പരിവർത്തനത്തിൻ്റെ പാതയിലാണെന്ന് കുടുംബം പറയുന്നു. ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച ജയാനന്ദൻ പുസ്തകങ്ങൾ വായിക്കുന്നു, കഥകളും കവിതകളും എഴുതുന്നു, കൂടാതെ സ്വയം എഴുതി തയ്യാറാക്കിയ ആദ്യ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായെന്നും ഭാര്യ ഇന്ദിര ഹൈക്കോടതിയെ ബോധിപ്പിച്ചു. ‘പുലരി വിരിയും മുമ്പേ’ എന്ന പേരിൽ തയ്യാറായ പുസ്തകത്തിൻ്റെ പ്രകാശനത്തിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. തൃശൂർ വിയ്യൂർ ജയിൽ സൂപ്രണ്ടിന് സമർപ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ എത്തിയത്. മകൾ അഡ്വക്കറ്റ് കീർത്തി ജയാനന്ദനാണ് അച്ഛൻ്റെ പരോൾ അപേക്ഷയുമായി അമ്മക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
വരുന്ന ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന പുസ്തകപ്രകാശനത്തിനായി വെള്ളിയും ശനിയുമാണ് പരോൾ അനുവദിച്ചത്. പരോൾ അപേക്ഷക്കൊപ്പം സമർപ്പിച്ചിരുന്ന പുസ്തകത്തിൻ്റെ കോപ്പി വായിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, എഴുത്തുകാരൻ പ്രശംസ അർഹിക്കുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തി. അച്ഛൻ്റെ മോചനത്തിന് വേണ്ടി വക്കീലായി പോരാടുന്ന മകളുടെ കാര്യവും എടുത്തുപറഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ, അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമാഗാനത്തിലെ വരികളും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഉദ്ധരിച്ചു. അച്ഛനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കാണിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ടിന് മകൾ അഫിഡവിറ്റ് സമർപ്പിക്കണം. ഈ വർഷമാദ്യം മകളുടെ വിവാഹത്തിന് അനുവദിച്ച പരോളിലെ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചിരുന്നു എന്നതും പരിഗണിച്ചാണ് ഇത്തവണത്തെ ഉത്തരവെന്നും കോടതി പറയുന്നു. വീട്ടിലും പുസ്കതപ്രകാശന ചടങ്ങിലും ജയാനന്ദന് പോലീസ് അകമ്പടി ഉണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here