കർണാടക രാഷ്ട്രീയത്തിലെ ഗ്ലാമർ ബോയ് പ്രജ്വൽ രേവണ്ണ എങ്ങനെ വെറുക്കപ്പെട്ടവനായി; ‘പ്രതിഭാശാലിയായ രാഷ്ട്രീയക്കാരിൽ ഒരാള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി; ഇപ്പോള്‍ കേസുകളുടെ സുനാമിയിൽ
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ തനിതങ്കം പോലെ തിളങ്ങി നിന്ന ചെറുപ്പക്കാരനായ പ്രജ്വൽ രേവണ്ണക്ക് ഇന്നിപ്പോൾ കൊടും ക്രിമിനലിന്‍റെ പരിവേഷമാണ്. 2019ലും 2024ലും ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് പത്രികയി ൽ “നോ ക്രിമിനൽ കേസസ്” (No Criminal cases) എന്ന് രേഖപ്പെടുത്തിയിരുന്ന 33കാരന് മേൽ ക്രിമിനൽ കേസുകളുടെ പെരുമഴയാണിപ്പോൾ. കഴിഞ്ഞ ലോക്സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ മൂന്നാം സ്ഥാനത്തായിരുന്നു പ്രജ്വൽ.
കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിൽ 1990ൽ പിറന്ന പ്രജ്വലിന് അധികാരവും രാഷ്ട്രീയവും എന്നും ഹരമായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനെന്ന പദവിയാണ് രാഷ്ട്രീയത്തില്‍ എന്നും എപ്പോഴും തുണയായിരുന്നത്. 2014ൽ മുത്തച്ഛൻ എച്ച്.ഡി.ദേവഗൗഡയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന പ്രജ്വൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു. ജനങ്ങളോടുള്ള പെരുമാറ്റം, വ്യക്തവും ചടലുവുമായ നിലപാടുകൾ ഇതെല്ലാം പ്രജ്വലിലെ രാഷ്ട്രീയ നേതാവിനെ ജ്വലിപ്പിച്ചു നിർത്തിയ ഘടകങ്ങളായിരുന്നു.
2015 ൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ നടത്തിയ സർവെയിൽ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളും ഭാവിയുടെ വാഗ്ദാനങ്ങളായി അടയാളപ്പെടുത്തിയ 10 രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു പ്രജ്വൽ രേവണ്ണ എന്ന എഞ്ചിനീയറിംഗ് ബിരുദധാരി. ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത്. ഉപരിപഠനത്തിനായി ഓസ്ട്രേലിയക്ക് പോയെങ്കിലും പഠനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങി.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി വന്ന പ്രജ്വലിന് പിതൃസഹോദരനും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമി സീറ്റ് നിഷേധിച്ചു. പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി.രേവണ്ണയും രാഷ്ട്രീയത്തിൽ സജീവമാണ്. മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമാണ് അദ്ദേഹം. ‘കഠിനാദ്ധ്വാനികൾ സീറ്റ് കിട്ടാതെ മൂലക്കിരിക്കുമ്പോൾ സ്യൂട്ട് കേസിൽ കാശുമായി വരുന്നവർക്ക് മുൻപന്തിയിൽ സീറ്റ് കിട്ടുന്ന അവസ്ഥയാ’ണെന്ന പ്രജ്വലിന്‍റെ കമന്റ് ജനതാദൾ വൃത്തങ്ങളിൽ വൻ ചർച്ചയായിരുന്നു. സീറ്റ് നിഷേധിച്ച കുമാരസ്വാമിക്കിട്ട് കൊടുത്ത ഒളിയമ്പായിരുന്നു ആ പറച്ചിൽ. ദേവഗൗഡ കുടുംബത്തിലെ അംഗങ്ങൾ തമ്മിലെ സ്വരചേർച്ചയില്ലായ്മയും അധികാര വടംവലിയുമാണ് സീറ്റ് നിഷേധത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.
കൊച്ചുമകൻ പ്രജ്വലിന് വേണ്ടി 2019ൽ കുടുംബ കാരണവരായ എച്ച്.ഡി.ദേവഗൗഡ സ്ഥിരമായി മത്സരിച്ചിരുന്ന ഹാസൻ സീറ്റ് ഒഴിഞ്ഞു കൊടുത്ത് തുമാകുരുവിലേക്ക് മാറി. കേവലം 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രജ്വൽ മണ്ഡലത്തിൽ തരംഗമായി മാറി. ഒന്നര ലക്ഷത്തിലധികം വോട്ടിന് പ്രജ്വൽ ജയിച്ചു കയറിയപ്പോൾ മുത്തച്ഛൻ ദേവഗൗഡയും പിതൃസഹോദര പുത്രനായ നിഖിൽ കുമാരസ്വാമിയും തോറ്റ് തുന്നം പാടി. 2019 ൽ ജനതാദൾ ടിക്കറ്റിൽ ജയിച്ച ഏക എംപി പ്രജ്വൽ മാത്രമായിരുന്നു.
പാർട്ടിക്കുള്ളിലും സംസ്ഥാനത്തുമുള്ള എച്ച്.ഡി.കുമാരസ്വാമിയുടെ അപ്രമാദിത്യത്തിനെതിരെ നിശബ്ദ വിപ്ലവം നയിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി വന്നപ്പോൾ പ്രജ്വൽ നായകനായ ലൈംഗിക ദൃശ്യങ്ങളുള്ള പെൻഡ്രൈവുകളെക്കുറിച്ച് ജനതാദളിലും സഖ്യകക്ഷിയായ ബിജെപിയിലും വിമർശനങ്ങളുണ്ടായിരുന്നു. എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് പ്രജ്വലിന് സീറ്റ് നൽകിയത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇയാൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ പെൻഡ്രൈവുകളെക്കുറിച്ച് ചർച്ചകൾ സജീവമായിരുന്നു. കർണാടകത്തിൽ ഒന്നാം ഘട്ട പോളിംഗ് ഏപ്രിൽ 26ന് അവസാനിച്ച ശേഷം ഭരണകക്ഷിയായ കോൺഗ്രസ് ലൈംഗിക വിവാദം ആളിക്കത്തിച്ചു. 300 ലധികം സ്ത്രീകളുടെ 2976 ലൈംഗിക ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുകളാണ് ചൂടപ്പം പോലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിച്ചത്. സംഭവം അപകടമാണെന്ന് തിരിച്ചറിഞ്ഞ പ്രജ്വൽ പിറ്റേന്ന് ജർമ്മനിയിലേക്ക് കടന്നു.
വീട്ടുവേലക്കാരിയായ 47കാരിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി.രേവണ്ണയും ഇരയെ ബലാൽസംഗം ചെയ്തുവെന്ന് ആരോപണമുണ്ട്. 18 വയസു മുതൽ 68 വയസ്സുവരെയുള്ള സ്ത്രീകൾ ഇയാളുടെ കാമദാഹത്തിന് ഇരയായി എന്നാണ് പോലീസ് പറയുന്നത്. വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പെട്ട സ്ത്രീകളാണ് ചൂഷണത്തിന് ഇരയാക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം പരാതിക്കാരിയായ ഇരയെ തട്ടിക്കൊണ്ടു പോയതിനും ബലാത്സംഗത്തിനും പിതാവ് എച്ച്.ഡി.രേവണ്ണയെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രജ്വലിനെതിരെ ഇന്റര്‍പോളിന്റെ സഹായം തേടാൻ കർണാടക സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ രാജ്യം വിട്ടത്.
കഴിഞ്ഞ ഡിസംബറിൽ ബിജെപി സംസ്ഥാന നേതാവായ ദേവരാജ ഗൗഡ പാർട്ടി നേതൃത്വത്തിന് പ്രജ്വലിനെതിരെയുള്ള ലൈംഗിക പീഡനദൃശ്യങ്ങളെക്കുറിച്ച് പരാതി നൽകിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾ ഈ ആരോപണങ്ങൾ ശക്തിയായി ഉന്നയിക്കുമെന്ന് ദേവരാജ ഗൗഡ നേതൃത്വത്തിന് മുന്നറിയിപ്പും നൽകിയിരുന്നു. അതെല്ലാം അവഗണിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രജ്വലിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത്. സമീപകാലത്തൊന്നും ഇത്ര നീചമായ കുറ്റകൃത്യം ചെയ്ത രാഷ്ട്രീയ നേതാക്കൾ തിരഞ്ഞെടുപ്പ് രംഗത്തോ പൊതു മണ്ഡലത്തിലോ ഉണ്ടായിട്ടില്ല. കർണാടക രാഷ്ടീയത്തിലെ പോസ്റ്റർ ബോയി ഇപ്പോൾ വെറുക്കപ്പെട്ടവനായി മാറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here