കലക്ടര്‍ ഗൗതം ഗോസ്വാമിയും നമ്മുടെ കെഎം എബ്രഹാമും; രണ്ടു പേരും ആനപ്പുറത്ത് നിന്ന് വീണവര്‍ !!

2004 ഏപ്രില്‍ മാസത്തിലെ ഒരു രാത്രി…

ബീഹാറിൻ്റെ തലസ്ഥാനമായ പാറ്റ്‌നയിലെ മൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ തകര്‍ത്ത് പ്രസംഗിക്കുന്നു. ഇന്ത്യാ ഷൈനിംഗ് ക്യാമ്പയിന്റെ മറവില്‍ അദ്വാനി പ്രധാനമന്ത്രി ആകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകൾ നിറഞ്ഞുനിന്ന കാലം. വേദിയിലേക്ക് ചെറുപ്പക്കാരനായ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടര്‍) ചാടിക്കയറുന്നു. അദ്വാനിയുടെ അടുത്ത് ചെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കുന്നു. എന്നിട്ട് അദ്ദേഹത്തോടായി പറഞ്ഞു – ‘സര്‍, താങ്കളുടെ സമയം കഴിഞ്ഞു. പ്രസംഗം നിര്‍ത്തണം’ അമ്പരന്നു പോയ അദ്വാനി ഉടന്‍ വേദി വിട്ടു. മാധ്യമങ്ങൾ വീരശൂരപരാക്രമിയായി കലക്ടര്‍ ഗൗതം ഗോസ്വാമിയെ വാഴ്ത്തിപ്പാടി, എങ്ങും സ്തുതി ഗീതങ്ങള്‍ നിറഞ്ഞു. രണ്‍ജി പണിക്കരുടെ ‘ദ കിംഗ്’ സിനിമയിലെ ജോസഫ് അലക്‌സ് മോഡല്‍ മാസ് എന്‍ട്രി.

സമാനമായ രീതിയില്‍ ഒരുകാലത്ത് ഐഎഎസിലെ പുലിക്കുട്ടിയായി വാഴ്ത്തപ്പെട്ട ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. സെക്യൂരിറ്റീസ് ബോര്‍ഡ് ഓഫ് എക്‌സ്‌ചേഞ്ചില്‍ (SEBI) എബ്രഹാം അംഗമായിരിക്കെ ധനമന്ത്രിയായിരുന്ന സാക്ഷാൽ പ്രണബ് മുഖര്‍ജിയെ വിറപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന് നേരിട്ട് കത്തെഴുതി അഴിമതി ഇടപാടുകളെക്കുറിച്ച് അറിയിച്ചു… ഇങ്ങനെ അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ചതിൻ്റെ പേരിൽ പവന്‍മാറ്റ് പോരാളികളെന്ന് പ്രകീർത്തിക്കപ്പെട്ടു ഇരുവരും. എന്നാൽ അഴിമതിക്കേസിൽ പെട്ട് ഐഎഎസ് ഉപേക്ഷിക്കേണ്ടി വന്നു ഗോസ്വാമിക്ക്. ഇതേ മാതൃകയിലാണ് ഇപ്പോൾ എബ്രഹാമിനെയും അഴിമതിക്കേസിൽ സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ഗൗതം ഗോസ്വാമി സ്‌കൂള്‍ തലം മുതല്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ഓരോ പടവും കയറിയത്. എംബിബിഎസ് പാസായ ശേഷം സിവിള്‍ സര്‍വ്വീസ് പരീക്ഷ എഴുതിയപ്പോൾ നല്ല റാങ്കോടെ ഐഎഎസ് കിട്ടി. 1991 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമിക്കപ്പെട്ട തസ്തികളിലെല്ലാം ഗോസ്വാമി തിളങ്ങി.

2004 ജൂലൈ – പാറ്റ്‌നയിലും പരിസര ജില്ലകളിലും പേമാരിയും വെളളപ്പൊക്കവും. കോസി നദി കരകവിഞ്ഞു. 800 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അനേകായിരം പേര്‍ ഭവനരഹിതരും പട്ടിണിയിലുമായി. ഡിഎം (ഡിസ്ട്രിക് മജിസ്‌ട്രേറ്റ്) ഗൗതം ഗോസ്വാമി ഫുള്‍ ടൈം ഫീല്‍ഡില്‍ തന്നെ ആയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ഇറങ്ങി. ഔദ്യോഗിക വാഹനമോടിച്ച് സാദ്ധ്യമായ സ്ഥലങ്ങളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തി. എല്ലാ ദിവസവും രാവിലെ 4.30ന് പറ്റ്‌ന വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററില്‍ ഭക്ഷണ കിറ്റുകള്‍, വെള്ളം, ടെന്റടിക്കാനുള്ള സാധന സാമഗ്രികള്‍ ഒക്കെ കയറ്റിവിടാന്‍ നേതൃത്വം നല്‍കുന്നത് പതിവാക്കി. 38കാരനായ ഗൗതത്തിന്റെ ധീരമായ നേതൃത്വത്തെ രാഷ്ട്രീയ- ഉദ്യോഗസ്ഥ വൃത്തങ്ങളും മാധ്യമങ്ങളും വാനോളം വാഴ്ത്തി. അയാളുടെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് അനേകം ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

2004 ഒക്ടോബര്‍ 11ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 20 യുവഹീറോകളില്‍ പ്രമുഖ സ്ഥാനത്തായിരുന്നു ഗൗതം ഗോസ്വാമി. മഹാപ്രളയകാലത്ത് നിസ്വാര്‍ത്ഥമായി ജനങ്ങളെ സേവിച്ചതിനുള്ള അംഗീകാരം. ഇന്ത്യയിലെ അനേകം ചെറുപ്പക്കാരുടെ സൂപ്പര്‍ ഹീറോയായി അയാള്‍ പ്രതിഷ്ഠിക്കപ്പെട്ടു. പ്രശസ്ത എഴുത്തുകാരനും ടൈമിന്റെ ദക്ഷിണേഷ്യന്‍ കറസ്‌പോണ്ടന്റുമായിരുന്ന അരവിന്ദ് അഡിഗ (ബുക്കര്‍ സമ്മാനം കിട്ടിയ The White Tiger എന്ന കൃതിയുടെ കര്‍ത്താവ്) എഴുതിയ മംഗള പത്രത്തിൽ ഇങ്ങനെ കുറിച്ചിരുന്നു. ‘When flash floods hit the Indian state of Bihar in July, millions of people were displaced from their homes, many without access to food or drinking water.A catastrophe was looming, and Gautam Goswami did more than anyone to avert it. ‘ അതായത് ബീഹാറും ഇന്ത്യയും വിറങ്ങലിച്ചു നിന്നപ്പോള്‍ ഒറ്റയ്ക്ക് പേമാരിയെ നേരിട്ട ധീരന്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.

എന്നാൽ ഇതേ പ്രളയത്തിൻ്റെ പേരിൽ തന്നെ അയാളുടെ വീഴ്ച തുടങ്ങി. പ്രളയകാലത്ത് സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കരാറുകാരനുമായി ചേര്‍ന്ന് അടിച്ചുമാറ്റി എന്നായിരുന്നു ആരോപണം. ബാബ സത്യസായ് ഇന്‍ഡസ്ട്രീസ് എന്നൊരു തട്ടിപ്പുകമ്പനിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി 17.8 കോടി രൂപ തട്ടിച്ചുവെന്ന് വിജിലന്‍സ് കേസായി. കേസും വക്കാണവും മൂത്തതോടെ ഗോസ്വാമി 2005 ജൂണ്‍ 17ന് ഐഎഎസ് രാജിവെച്ച് സഹാറാ ഗ്രൂപ്പില്‍ ചേര്‍ന്നെങ്കിലും ജൂണ്‍ 25ന് വിജിലന്‍സ് കോടതി ഇയാളെ ജയിലിലേക്ക് വിട്ടു. 15 മാസം ജയിലില്‍ കിടന്നു. പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും കാര്യമായ തസ്തിക ഒന്നും നല്‍കിയില്ല. ആനപ്പുറത്തു നിന്നുള്ള വീഴ്ചയില്‍ നിന്ന് കരകേറാന്‍ പിന്നീട് കഴിഞ്ഞില്ല. അത്രമേല്‍ കടുത്തതായിരുന്നു ആ വീഴ്ച. വാഴ്ത്തിപ്പാടിയവര്‍ തന്നെ പുറങ്കാലിനടിച്ചു. എല്ലാവരാലും പരിഹസിക്കപ്പെട്ട് , ഒറ്റപ്പെട്ട്, കാന്‍സര്‍ ബാധിച്ച് 2009 ജനുവരി ആറിന് മരണത്തിന് കീഴടങ്ങി. പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടവനായി അയാള്‍ ഇപ്പോള്‍ ചരിത്രത്തിലുറങ്ങുന്നു.

കേരളത്തില്‍ വികസന കുതിപ്പിന് കിഫ്ബി യിലൂടെ വഴിവെട്ടിയ ഐഎഎസുകാരന്‍ എന്ന നിലയിലാണ് സിപിഎമ്മുകാരും സര്‍ക്കാര്‍ വിലാസം ഭജനപ്പാട്ടുകാരും കെഎം എബ്രഹാമിനെ സ്തുതിച്ചു പാടുന്നത്. ഭരണ- പ്രതിപക്ഷ മുന്നണികള്‍ക്ക് ഇഷ്ടപെട്ടവനായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിക്കും, കെഎം മാണിക്കും, തോമസ് ഐസക്കിനും പിണറായിക്കും ഒരുപോലെ പ്രിയമുള്ള ഐഎഎസുകാരന്‍. സര്‍വോപരി മനോരമ പത്രമുടമകളുടെ കുടുംബമായ കണ്ടത്തില്‍ തറവാട്ടിൽപെട്ടവൻ. 2007ല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചു. സെബി അംഗമായിരിക്കുന്ന കാലത്ത് സഹാറ ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പിന്നാലെ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും സെബി ചെയര്‍മാനും ചില കമ്പനികളുടെ ഓഹരി ഇടപാടുകളില്‍ അന്യായമായി ഇടപെടുന്നു എന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചത് വന്‍ വാര്‍ത്തയായിരുന്നു. അങ്ങനെ ഒരു അഴിമതി വിരുദ്ധ പ്രതിഛായ സൃഷ്ടിച്ച കെഎം എബ്രഹാമിനെതിരെയാണ് ഇപ്പോൾ സിബിഐ അഴിമതിക്ക് കേസെടുത്തിരിക്കുന്നത്.

ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ള എബ്രഹാം ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (CFA) കൂടിയാണ്. കൂടാതെ ലൈസന്‍സ്ഡ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (LIFA) സര്‍ട്ടിഫിക്കേഷനും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കാന്‍ ഇത്തരം വിദ്യാഭ്യാസ യോഗ്യതകള്‍ സഹായിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനത്തു 2017ല്‍ വിരമിച്ച അദ്ദേഹം കിഫ്ബിയുടെ സിഇഒ ആയി. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം തന്നെയാണ് സിഇഒ പദവിയിലേക്കുള്ള നിയമന ഉത്തരവില്‍ ഒപ്പിട്ടത്. വര്‍ഷാവര്‍ഷം 10 ശതമാനം ശമ്പള വര്‍ദ്ധനവും കിട്ടത്തക്ക വിധമാണ് നിയമന ഉത്തരവ് ഉണ്ടാക്കിയത്. സംസ്ഥാന സിവില്‍ സര്‍വീസില്‍ കേട്ടുകേഴ്വി ഇല്ലാത്ത അസാധാരണ ഉത്തരവായിരുന്നു അത്. കിഫ്ബി സിഇഒയുടെ ശമ്പളവും ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള പെന്‍ഷനും ഒരുമിച്ച് വാങ്ങുന്ന ഏക ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.

എട്ടു കൊല്ലം മുമ്പ് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിജിലന്‍സില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ എബ്രഹാമിനെ കുരുക്കിയത്. അന്വേഷണം പേരിന് മാത്രം നടന്നപ്പോള്‍ വിജിലന്‍സ് കോടതി എബ്രഹാമിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോമോന്‍, എബ്രഹാമിനെതിരെ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഗുരുതര നിരീക്ഷണങ്ങളാണ് എബ്രഹാമിനെതിരെ കോടതി നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന് കോടതി പ്രത്യേകം സൂചിപ്പിച്ചു. ഇതില്‍ കൃത്യമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്. എബ്രഹാമിന്റെ അഴിമതിവിരുദ്ധ പ്രതിഛായ പാടേ തകര്‍ന്നടിഞ്ഞു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിനും തിരിച്ചടിയാണ്. ഇന്ത്യയുടെ ധനകാര്യ മന്ത്രിയേയും വമ്പന്‍ വ്യവസായികളേയും വിറപ്പിച്ചു നിര്‍ത്തിയ അതികായനായ ഉദ്യോഗസ്ഥന്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതായിട്ടാണ് ഹൈക്കോടതി കണ്ടെത്തിയത്. സംസ്ഥാനത്തെ സമീപകാല ചരിത്രത്തില്‍ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനും ചെന്നു പതിക്കാത്ത അധ:പതനമാണ് എബ്രഹാമിനുണ്ടായത്. അതേ, ആനപ്പുറത്ത് നീന്ന് വീണ ദുരന്ത നായകരാണ് ഗൗതം ഗോസ്വാമിയും കെഎം എബ്രഹാമും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top