ചൗത്താല കുടുംബം പ്രതാപം തിരിച്ചുപിടിക്കുമോ; അടിച്ചുപിരിഞ്ഞു നില്ക്കുന്ന മക്കൾ ഹരിയാനയിൽ അപ്രസക്തമായതെങ്ങനെ

എൺപതുകളിലെ കലങ്ങിമറിഞ്ഞ ഇന്ത്യൻ രാഷ്ടീയത്തിലെ വില്ലനും നായകനുമായിരുന്നു ചൗധരി ദേവിലാൽ. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന് ശേഷം വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിലെ മല്ലന്മാരെന്ന് അറിയപ്പെടുന്ന ജാട്ട് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് ഹരിയാനയിലെ ദേവിലാലിൻ്റ കുടുംബം അഥവ ചൗത്താല കുടുംബമായിരുന്നു. ഒരു സാധാരണ കർഷകനിൽ നിന്ന് രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയും പിന്നീട് രാജ്യത്തെ ഉപപ്രധാനമന്ത്രി പദവി വരെ എത്തിയ ആളായിരുന്നു ചൗധരി ദേവിലാൽ. തരാതരം പോലെ കാലുമാറുകയും അവസരം കിട്ടുമ്പോഴൊക്കെ അധികാരത്തിൽ കടിച്ചുതൂങ്ങുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ദേവിലാൽ. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പിൻതലമുറക്ക് കഴിഞ്ഞില്ല എന്നാണ് ചരിത്രം പറയുന്നത്.
അദ്ദേഹത്തിൻ്റെ കാലശേഷം മക്കളും കൊച്ചുമക്കളുമൊക്കെ ഹരിയാന രാഷ്ട്രീയത്തിൽ മുങ്ങിയും പൊങ്ങിയും നിൽക്കുന്നുണ്ട്. കുടുംബാംഗങ്ങൾ അധികാരത്തിനായി തമ്മിൽത്തല്ലി പലവഴിക്ക് പിരിഞ്ഞതിൻ്റെ ദുരന്തമാണ് ചൗത്താല കുടുംബം ഇന്ന് അനുഭവിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചൗത്താല കുടുംബം പച്ച പിടിക്കുമോ, പഴയ പ്രതാപം വീണ്ടെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദേവാലാലിൻ്റെ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു മൂത്തമകനായ ഓം പ്രകാശ് ചൗത്താല. 1987ൽ വിപി സിംഗ് മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായി ദേവിലാൽ ചുമതല ഏറ്റപ്പോൾ മകൻ ചൗത്താലയെയാണ് മുഖ്യമന്ത്രിയായി അവരോധിച്ചത്. ദേവിലാലിൻ്റെ കാലശേഷം ജനതാദളിൽ നിന്ന് വിട്ടുമാറി പുതിയ രാഷ്ട്രീയ പാർട്ടിക്ക് ചൗത്താല കൂടുംബം രൂപംകൊടുത്തു. ഇന്ത്യൻ നാഷണൽ ലോക്ദൽ (ഐഎൻഎൽഡി) എന്നായിരുന്നു പേര്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അധ്യാപക നിയമനത്തിലെ അഴിമതിയുടെ പേരിൽ 2013 മുതൽ 2021 ജൂലൈ വരെ ഓംപ്രകാശ് ചൗത്താല തടവുശിക്ഷ അനുഭവിച്ചിരുന്നു. 202lൽ പുറത്തിറങ്ങിയ അദ്ദേഹം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്. ചൗത്താല കേസിൽപ്പെട്ട് ജയിലിലായതോടെ മൂത്ത മകൻ അഭയ് ചൗത്താല ഐഎൻഎൽഡിയുടെ നേതൃത്വം ഏറ്റെടുത്തു. ഇതോടെ കുടുംബത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടു. മറ്റൊരു മകനായ അജയ് ചൗത്താലയും അദ്ദേഹത്തിൻ്റെ മകൻ ദുഷ്യന്ത് ചൗത്താലയും ചേർന്ന് ജനനായക് ജനതാ പാർട്ടി (ജെജെപി) രൂപീകരിച്ചു.
ഐഎൻഎൽഡി പിളർന്നതോടെ ചൗത്താല കുടുംബത്തിന് ഹരിയാന രാഷ്ടീയത്തിൽ ഉണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതായി. തമ്മിലടി നിമിത്തം ചൗത്താല കുടുംബം കഴിഞ്ഞ പത്തു വർഷമായി ഹരിയാന രാഷ്ട്രീയത്തിൽ ഏതാണ്ട് അസ്തമിച്ച മട്ടാണ്. 2019ൽ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐഎൻഎൽഡിയും ജെജെപിയും നേർക്കുനേർ പലയിടത്തും മത്സരിച്ചു. ഐഎൻഎൽഡിക്ക് ഒരു സീറ്റ് കിട്ടിയപ്പോൾ ദുഷ്യന്തിൻ്റെ ജെജെപിക്ക് 10 സീറ്റും 14.80 ശതമാനം വോട്ടും കിട്ടി. മന്ത്രിസഭ രൂപീകരിക്കാൻ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി, മനോഹർലാൽ ഖട്ടർ മന്ത്രിസഭയിൽ ദുഷ്യന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പിന്തുണ ഉറപ്പാക്കി.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ദുഷ്യന്തിൻ്റെ പാർട്ടി ബിജെപിയുമായുളള സഖ്യം അവസാനിപ്പിച്ചു. ഇതിനിടയിൽ ജെജെപിയിലെ അഞ്ച് എംഎൽഎമാർ കാലുമാറി ബിജെപി പാളയത്തിലെത്തി. അഞ്ചുവർഷം കൊണ്ട് ദുഷ്യന്തിൻ്റെ പാർട്ടിയും ദുർബലാവസ്ഥയിലെത്തി. എംഎൽഎമാരും പാർട്ടി സംസ്ഥാന പ്രസിഡൻ്റും കാലുമാറി. കഴിഞ്ഞ തവണ കിംഗ് മേക്കർ ആയി അവതരിച്ച ദുഷ്യന്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ആ റോൾ തിരിച്ചുകിട്ടുമോ എന്നാണ് ഹരിയാന രാഷ്ട്രീയം നോക്കുന്നത്.
2009ൽ ഒരുമിച്ചുനിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗത്താല കുടുംബ പാർട്ടിക്ക് 31 സീറ്റും 25 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഓം പ്രകാശ് ചൗത്താല അന്ന് പ്രതിപക്ഷ നേതാവുമായി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ചൗത്താല കുടുംബം ഒന്നിച്ചുനിന്ന് 19 സീറ്റും 24 ശതമാനം വോട്ടും നേടി. അധ്യാപകനിയമന കോഴക്കേസിൽ പിതാവ് ഓം പ്രകാശ് ചൗത്താല ജയിലിലായതോടെ മകൻ അഭയ് ചൗത്താല പ്രതിപക്ഷ നേതാവായി. അതോടെ കുടുംബത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്.
ഇപ്പോൾ ദേവിലാലിൻ്റെ ചൗത്താല കുടുംബത്തിലെ മക്കൾ പലരും പല പാർട്ടികളിലായി പരസ്പരം പോരടിക്കയാണ്. ഒരുമിച്ച് നിന്നവർ പലതായി പിരിഞ്ഞതോടെ ഹരിയാനയിലെ കുടുംബ രാഷ്ടീയം ഏതാണ്ട് കുറ്റിയറ്റ മട്ടിലാണ്. ഇനി ഒരു തിരിച്ചു വരവിന് സാധ്യത ഇല്ലാത്ത വിധം മക്കളും കൊച്ചുമക്കളും അകന്ന് കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here