മംഗളം ചാനൽ തൂക്കിവിറ്റു; ബാങ്കിന് കിട്ടിയത് 47 ലക്ഷം; മന്ത്രിയെ കുടുക്കിയ ‘ഹണിട്രാപ്പിൽ’ യഥാർത്ഥത്തിൽ നടന്നതെന്ത്

ആദ്യദിനം തന്നെ സ്വയം ചരമക്കുറിപ്പ് എഴുതിയ മംഗളം ചാനൽ ഓർമയായി. 2017 മാർച്ചിൽ തുടങ്ങിയ ചാനൽ 2022ൽ സംപ്രേഷണം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്തിരുന്നു. അന്ന് കണ്ടുകെട്ടിയ ഉപകരണങ്ങളെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിറ്റൊഴിവാക്കി. രണ്ടു വർഷത്തിലേറെ ഉപയോഗമില്ലാതിരുന്ന ക്യാമറകളും ഇലക്ട്രോണിക് സംവിധാനങ്ങളും അടക്കം പലതും അറ്റകുറ്റപണി കൂടാതെ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു. അതിനാൽ വില തീരെ താഴ്ത്തി വിൽക്കാൻ ബാങ്ക് നിർബന്ധിതരാകുകയായിരുന്നു.
പലരും പറയുന്നതും കരുതുന്നതും പോലെ വെറും തട്ടിക്കൂട്ട് ചാനൽ ആയിരുന്നില്ല മംഗളം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയായിരുന്നു തുടക്കം. സോണി, പാനസോണിക് അടക്കം കമ്പനികളുടേത് ആയിരുന്നു ഇൻസ്റ്റാൾ ചെയ്തിരുന്ന ഉപകരണങ്ങൾ പലതും. ടെലികാസ്റ്റ് ക്വാളിറ്റിയും മറ്റു മുൻനിര ചാനലുകളെക്കാൾ ഒട്ടും മോശമായിരുന്നില്ല. തിരുവനന്തപുരം നഗരമധ്യത്തിൽ തമ്പാനൂരിലുള്ള മംഗളം ആസ്ഥാനത്ത് തന്നെ രണ്ട് സ്റ്റുഡിയോകളും സജ്ജമാക്കിയിരുന്നു.
മംഗളം പത്രത്തിൽ നിന്നുള്ളവർ അടക്കം മലയാളത്തിലെ മുൻനിര മാധ്യമ പ്രവർത്തകരുടെ പിന്തുണ ചാനലിന് ഉണ്ടായിരുന്നു. വാർത്ത ശേഖരിക്കാൻ പത്രത്തിൻ്റെത് അടക്കം വിപുലമായ ശൃംഖല ഉപയോഗിക്കാനും മാനേജ്മെൻ്റ് സൗകര്യങ്ങൾ ചെയ്തിരുന്നു. ഇതോടെ പത്ര സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് ചാനൽ വ്യവസായത്തിലേക്ക് കടന്നുവന്ന് കളംപിടിച്ച മനോരമ, മാതൃഭൂമി ചാനലുകൾക്ക് മംഗളം വെല്ലുവിളി ആകുമെന്ന ധാരണയും പൊതുവിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കിയ ചാനൽ ലോഞ്ചായിരുന്നു മംഗളത്തിൻ്റേത്.
എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ബാക്കി എല്ലാവരേയും വെട്ടിച്ച് ചാനൽ റേറ്റിംഗിൽ ആദ്യം തന്നെ ഓടിക്കയറാനുള്ള വ്യഗ്രതയിൽ വേണ്ടത്ര സൂക്ഷ്മതയില്ലാതെ ചെയ്ത വാർത്തയാണ് ചാനലിൻ്റെ ജാതകം കുറിച്ചത്. ഒരു മന്ത്രിയെ രാജിവയ്പിച്ച് ചാനലിന് ഹരിശ്രീ കുറിയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഏതോ ആവശ്യത്തിന് സമീപിച്ച വീട്ടമ്മയോട് മന്ത്രി എകെ ശശീന്ദ്രൻ മോശമായി സംസാരിച്ചു എന്നതായിരുന്നു ചാനൽ പുറത്തുവിട്ട വാർത്ത. ഫോണിൽ റെക്കോർഡ് ചെയ്ത ഓഡിയോയും പുറത്തുവിട്ടു. എന്നാൽ ഇതിലെ ‘വീട്ടമ്മ’ എന്ന വിശദീകരണം ആണ് തിരിച്ചടിച്ചത്.
യഥാർത്ഥത്തിൽ ചാനലിൽ സ്റ്റാഫായ വനിതയായിരുന്നു മന്ത്രിയോട് സംസാരിച്ചത്. ഇത് മറച്ചുവച്ച് ഏതോ ഒരു വീട്ടമ്മ എന്ന മട്ടിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്. ചാനൽ തലപ്പത്ത് കമ്പനി പ്രതിഷ്ഠിച്ച ഒരേയൊരാളുടെ ‘ബുദ്ധി’ ആയിരുന്നു അതെന്ന് ആ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജേർണലിസ്റ്റുകൾ പലരും പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു അതിന് പിന്നിലെന്ന് മാത്രം ഇന്നും ആർക്കും മനസിലായിട്ടില്ല. സർക്കാരിലെ ഒരു മന്ത്രിയെ രാജി വയ്പ്പിക്കാൻ ഉദ്ദേശിച്ച് വാർത്ത ചെയ്യുമ്പോൾ അത് വിവാദമാകുമെന്നും അന്വേഷണം വരുമെന്നും ചിന്തിക്കാനുള്ള സാമാന്യബുദ്ധി ഉണ്ടായില്ല എന്ന് മാത്രമേ പറയേണ്ടൂ.
വാർത്തയിൽ മായം ചേർക്കരുത് എന്ന സാമാന്യ മര്യാദ പാലിക്കാത്തതിൻ്റെ ദുരന്തം പല കാലങ്ങളിലായി പലരും അനുഭവിച്ചിട്ടുണ്ട്. എന്നാലിവിടെ ഒരു സ്ഥാപനത്തിൻ്റെ തന്നെ അന്ത്യത്തിനും ഒരുതെറ്റും ചെയ്യാത്ത ഒരുകൂട്ടം ജേർണലിസ്റ്റുകളുടെ ഭാവി അപകടത്തിലാക്കാനും ആണ് ‘മംഗളം ദുരന്തം’ വഴിവച്ചത്. ചാനൽ സിഇഒ ആർ.അജിത് കുമാർ അടക്കം അഞ്ചുപേരാണ് അന്ന് അറസ്റ്റിലായി റിമാൻഡിലായത്. വാർത്ത പുറത്തുവന്ന ശേഷം ഉയർന്ന ചോദ്യങ്ങളോടൊന്നും നേരെചൊവ്വെ പ്രതികരിക്കാൻ തലപ്പത്ത് ഉള്ളവർക്ക് കഴിഞ്ഞില്ല. മാത്രമല്ല, പറ്റിയ അബദ്ധം മറച്ചുവച്ച് സിഇഒ ചാനലിൽ നേരിട്ട് അവതരിച്ച് നടത്തിയ വിശദീകരണം കൂടുതൽ കുഴപ്പമാകുകയും ചെയ്തു. ഇതും പൊളിഞ്ഞതിന് പിന്നാലെ ആയിരുന്നു അറസ്റ്റ് ഉണ്ടായത്.
വാർത്ത വ്യാജമാണ് എന്നത് ആയിരുന്നില്ല കേസ്; പകരം വാർത്തയിൽ ഉൾപ്പെടുത്തിയ മന്ത്രിയുടെ സഭ്യമല്ലാത്ത സംഭാഷണം പുറത്തുവിട്ട് ജനങ്ങളെ കേൾപ്പിച്ചു എന്നതായിരുന്നു പ്രതികളുടെ പേരിൽ ചുമത്തിയ കുറ്റം. വിഷയം എന്ത് തന്നെയായാലും പുതിയൊരു ചാനലിൻ്റെ വരവിനെ ആശങ്കയോടെ കണ്ട മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്തത് പോലെ സർക്കാരിനും പോലീസിനുമൊപ്പം നിലകൊണ്ടു. സിഇഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ വിശ്വസിച്ച് കൈയ്യയച്ചുവിട്ട മാനേജ്മെൻ്റിനും നിൽക്കകള്ളിയില്ലാതെ വന്നു. 2017ൽ ലോഞ്ച് ചെയ്ത ചാനൽ 2022 വരെ തട്ടിമുട്ടി കൊണ്ടുപോയെങ്കിലും ആദ്യമുണ്ടായ പേരുദോഷം കാരണം നേരെചൊവ്വേ പരസ്യങ്ങളോ, നയിക്കാൻ പറ്റിയ ആളുകളെയോ കിട്ടാതെ കടുത്ത പ്രതിസന്ധിയിൽ ആകുകയായിരുന്നു.
സർക്കാരാകട്ടെ വീണുകിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. മംഗളത്തിൻ്റേത് ഒറ്റപ്പെട്ട കേസെന്ന നിലയ്ക്കല്ല, പൊതുവിൽ മാധ്യമങ്ങളുടെയെല്ലാം നിലവാരം ഇത്തരത്തിലാണെന്ന് വികാരം സൃഷ്ടിച്ചെടുക്കാൻ പാകത്തിലാണ് പിന്നീടുണ്ടായ നടപടികൾ. മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി പലയിടത്തും മാധ്യമങ്ങൾക്ക് പ്രവേശന വിലക്കുകളും നിയന്ത്രണങ്ങളും വന്നു. മംഗളം കേസിൻ്റെ പശ്ചാത്തലത്തിൽ നിയമിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷനാകട്ടെ, പരിഗണനാ വിഷയങ്ങൾക്ക് അപ്പുറത്തേക്ക് കടന്ന് മാധ്യമവിരുദ്ധ വികാരത്തിന് തീപകരും വിധമുള്ള പരാമർശങ്ങൾ സഹിതം റിപ്പോർട്ട് നൽകി. വിജയിച്ചില്ലെങ്കിലും, ഇടത് സഹയാത്രികനായി അറിയപ്പെടുന്ന ആഷിക് അബു സംവിധാനം ചെയ്ത നാരദൻ എന്ന സിനിമ പോലും മംഗളം ദുരന്തത്തിൻ്റെ ബൈപ്രോഡക്ടാണെന്ന് കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here