‘വെള്ളമടിച്ച് ലക്കില്ലാതെ കയറിവരും, പിന്നെ അമ്മയെ അടിക്കലും ചവിട്ടലുമാണ്’; ബിഗ് ബോസ് ഹൗസില്‍ ജീവിതം പറഞ്ഞ് ഋഷി
ഉപ്പും മുളകും എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ഋഷി. മുടിയന്‍ എന്ന ഓമനപ്പേരിലാണ് ഋഷി അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം ആറാം സീസണിലെ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ഇക്കുറി ഋഷി. പല സാഹചര്യങ്ങളില്‍ നിന്നും വന്ന പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. ഓരോരുത്തരും തങ്ങളുടെ ജീവിത കഥ പറയുന്ന ഒരു ടാസ്‌ക് ബിഗ് ബോസ് നല്‍കിയിട്ടുണ്ട്.
ഇക്കുറി ഋഷിയാണ് തന്റെ ജീവിത കഥയുമായി എത്തിയത്. മദ്യപാനിയായ അച്ഛനെക്കുറിച്ചും എല്ലാം സഹിച്ചു തന്നെയും സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കിയ അമ്മയെക്കുറിച്ചും ഋഷി പറഞ്ഞപ്പോള്‍ നിറ കണ്ണുകളോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടിരുന്നത്. ഋഷിക്ക് രണ്ട് അനിയന്മാരാണ്. പാലക്കാട്ടുകാരിയായ അമ്മയും കണ്ണൂരുകാരനായ അച്ഛനും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് ഋഷി പറയുന്നു.
‘പാലക്കാട് സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴാണ് അമ്മയും അച്ഛനും കണ്ടുമുട്ടുന്നത്. അച്ഛന്‍ അസാധ്യമായി പാടും. പക്ഷേ അദ്ദേഹം ഒരു മദ്യപാനിയാണ്. ഞങ്ങള്‍ കൊച്ചിയില്‍ വന്നിട്ട് മുപ്പത്തിയഞ്ച് വര്‍ഷത്തിന് മുകളിലായി. അച്ഛന്റെ മദ്യപാനം കാരണം ഓരോ വീടുകളായി മാറി മാറി ജീവിക്കേണ്ടി വന്നു. വെള്ളമടിച്ച് ലക്കില്ലാതെ കയറി വരും. പിന്നെ രാവിലെ വരെ ഉറക്കമില്ല. അതുപോലെ അമ്മയെ ചവിട്ടുകയും അടിക്കുകയും ചെയ്യും.അഞ്ചാം ക്ലാസിലൊക്കെ ആയപ്പോള്‍ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങി. അനിയന്‍മാരെ മുറിയില്‍ ഉറക്കി കിടത്തി വാതില്‍ അടക്കും. ഞാന്‍ എത്തുമ്പോഴേക്കും അച്ഛന്റെ തെറിവിളിയും അടിയും സഹിച്ച് അമ്മ ഒരേയിരിപ്പ് ഇരിക്കുന്നുണ്ടാകും. സഹായിക്കാന്‍ ആരും ഉണ്ടായില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ ആയിരുന്നു. അമ്മയെ അടിക്കുമ്പോള്‍ ഞാന്‍ നടുക്ക് കേറി നില്‍ക്കും. അപ്പോള്‍ എന്നെയും ചവിട്ടി തെറിപ്പിക്കും. ഒരു ലെവല്‍ കഴിഞ്ഞപ്പോള്‍ ബിയര്‍ കുപ്പി പൊട്ടിച്ച്, ‘തന്തേ ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താല്‍..’എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിക്കും. കൊള്ളാം സ്വന്തം മകന്‍ അച്ഛനോട്. അത്രയും സൈക്കോ അവസ്ഥയാണ് അച്ഛന്‍ വെള്ളമടിച്ചാല്‍. വെള്ളമടിച്ചില്ലേല്‍ ഇതുപോലത്തെ പാവം മനുഷ്യനും ഇല്ല. എട്ടൊമ്പത് വര്‍ഷമായി അച്ഛനും അമ്മയും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. നിയമപരമായി പിരിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം അമ്മയാണ്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഉണ്ടാക്കിയിട്ടിട്ട് തന്തയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നോക്കണം. അച്ഛന്‍ കാരണം തന്നെയാണ് അമ്മ സ്‌ട്രോങ് ആയതും. നിലവില്‍ ഞാനാണ് എന്റെ കുടുംബത്തെ നോക്കുന്നത്,’ ഋഷി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here