ബംഗാളിലും ‘ഹേമ കമ്മറ്റി’ വേണം; ‘മധുരം പുരട്ടിയ വേശ്യാലയം’ പോലെയായി ബംഗാളി സിനിമയെന്ന് റിതഭാരി ചക്രവർത്തി

മലയാള സിനിമയിലെ അനഭിലഷണീയ പ്രവണതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയ ഹേമ കമ്മറ്റി രാജ്യമാകെ അലയൊലികൾ സൃഷ്ടിക്കുന്നു. സമാന സ്വഭാവമുള്ള സമിതി വേണമെന്ന ആവശ്യമാണ് ബംഗാളിൽ നിന്നുയരുന്നത്. വൃത്തികെട്ട മനസുമായി സ്ത്രീകളെ സമീപിക്കുന്ന നടന്മാർ, നിർമ്മാതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരടങ്ങിയ മാഫിയ സംഘമാണ് ബംഗാൾ സിനിമയെ ഭരിക്കുന്നതെന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി റിതഭാരി ചക്രവർത്തി.

ഇത്തരക്കാരുടെ അതിക്രമങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് ഹേമ കമ്മറ്റി മോഡൽ അന്വേഷണ സംവിധാനം ബംഗാളിലും ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയോട് നടി ആവശ്യപ്പെട്ടു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് റിതഭാരി ഇക്കാര്യം ഉന്നയിച്ചത്. ബംഗാളിലെ മുതിർന്ന നടി ശ്രീലേഖാ മിത്രയുടെ പരാതിയിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനെതിരെ പോലീസ് നടപടികൾ ഊർജിതമാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് റിതഭാരിയുടെ തുറന്ന് പറച്ചിൽ.

റൊമാൻ്റിക് ത്രില്ലർ (2019), ബ്രഹ്മാ ജാനെൻ ഗോപോൻ കൊമ്മോട്ടി (2020) തുടങ്ങിയ ബംഗാളി ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് റിതഭാരി. 2009 മുതൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ടെലിവിഷൻ – നാടക രംഗത്തും റിത സജീവ സാന്നിധ്യമാണ്. മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത ‘പെയിൻ്റിംഗ് ലൈഫ് (Painting Life) എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

“മലയാള സിനിമാ രംഗത്തുനിന്ന് പുറത്തുവരുന്നത് പോലെയുള്ള ചൂഷണത്തിൻ്റെ ഒട്ടേറെ അനുഭവങ്ങൾ ബംഗാളിലുണ്ട്. താനുൾപ്പടെയുള്ള നിരവധി നടിമാർ സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. ഒരുപാട് സ്വപ്നങ്ങളുമായി വരുന്ന ധാരാളം പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥയുണ്ട്. പഞ്ചസാരയിൽ പൊതിഞ്ഞ വേശ്യാലയത്തിൻ്റെ അവസ്ഥയിലാണ് ബംഗാളി സിനിമാ രംഗം” -മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ റിതഭാരി തുറന്നടിക്കുന്നു.

ഒരുപറ്റം വേട്ടക്കാരായ സിനിമാ പ്രവർത്തകരുടെ മുഖംമൂടി വലിച്ചു കീറണം. ഇനിയൊരു ബലാൽസംഗമോ, കൊലപാതകമോ നടക്കുന്നതു വരെ കാത്തിരിക്കാതെ സിനിമാലോകത്തെ ക്രിമിനലുകളെ പിടികൂടണം. ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മെഴുകുതിരി ഏന്തി ഇത്തരക്കാരായ ക്രിമിനലുകൾ നിൽക്കുന്നത് താൻ കണ്ടെന്നും റിതഭാരിയുടെ എഫ്ബി പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.

ബംഗാളിലെ ചില സംവിധായകർക്കെതിരെയുള്ള പീഡന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും തനിക്ക് അത്തരം അനുഭവങ്ങൾ ബംഗാളിൽ നിന്നുണ്ടായിട്ടില്ല എന്നും നടി ശ്രീലേഖാ മിത്ര പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുന്ന സ്ത്രീകൾ തുറന്ന് പറയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.

രഞ്ജിത്തിനെതിരെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് ഇന്നലെ വൈകിട്ടോടെ ശ്രീലേഖ അയച്ച ഇ–മെയിൽ പരാതിയുടെ കേസ് റജിസ്റ്റർ ചെയ്താണ് അന്വേഷണത്തിന് നടപടി തുടങ്ങിയിരിക്കുന്നത്. 2009ൽ സിനിമയിൽ അഭിനയിക്കാൻ കൊച്ചിയിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചെന്നും കടവന്ത്രയിലെ ഫ്ലാറ്റില്‍വച്ച് മോശമായി പെരുമാറിയെന്നും ആണ് പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top