ഹിമാചലിലെ റിവര്‍ റാഫ്റ്റിങിന് നിയന്ത്രണങ്ങള്‍ വന്നേക്കും; സുരക്ഷ പോരെന്ന് കോടതി; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവന്നേക്കും; കേസ് ജൂലൈ 18ന് പരിഗണിക്കും

ഷിംല: ഹിമാചല്‍ എന്ന് പറഞ്ഞാല്‍ സാഹസിക വിനോദസഞ്ചാരത്തിന്റെ പറുദീസ കൂടിയാണ്. കയാക്കിങ്, റിവര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഹിമാചലില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം ആക്ടിവിറ്റികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. ഹിമാചല്‍ ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്നത്. മതിയായ സുരക്ഷസംവിധാനങ്ങളോടെയല്ല റിവര്‍ റാഫ്റ്റിങ് ഉള്‍പ്പടെയുള്ള വിനോദങ്ങള്‍ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം വിനോദങ്ങള്‍ക്ക് പരമാവധി പ്രായപരിധി ഏര്‍പ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023 നവംബറിലും ഇത്തരം വിനോദങ്ങളുടെ സുരക്ഷയെ കുറിച്ച് കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഹിമാചല്‍ പ്രദേശ് റിവര്‍ റാഫ്റ്റിങ് റൂളിലെ സെക്ഷന്‍ 11 ബി നടപ്പിലാക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിവര്‍ റാഫ്റ്റിങ് നടക്കുമ്പോള്‍ രണ്ട് റസ്‌ക്യു റാഫ്റ്റുകള്‍ സജ്ജമാക്കി നിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്നതാണ് ഈ നിയമം. കൂടുതല്‍ നടപടികള്‍ക്കായി കേസ് ജൂലൈ 18ലേക്ക് മാറ്റി.

റിവര്‍ റാഫ്റ്റിങ്ങിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായാണ് ഹിമാചല്‍ പ്രദേശിനെ വിലയിരുത്തുന്നത്. കുളു താഴ്‌വരയിലെ ബിയാസ് നദി, ഷിംലയിലെ സത്‌ലജ് നദി, ചംബയിലെ രവി നദി, ലഹൗള്‍ താഴ്‌വരയിലെ ചെനാബ് നദി, സ്പ്തി നദി എന്നിവിടങ്ങളിലാണ് റാഫ്റ്റിങ് സജീവമായുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top