ഐഎസ് ചാവേറിൻ്റെ ശിക്ഷ കുറച്ച് ഹൈക്കോടതി; എൻഐഎ കോടതിയുടെ 10 വർഷം തടവ് ചുരുക്കി എട്ടാക്കി

കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ ഹൈക്കോടതി ഇളവു ചെയ്തു. കൊച്ചി എൻഐഎ കോടതി നൽകിയ പത്ത് വർഷത്തെ ശിക്ഷ എട്ടു കൊല്ലമായിട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറച്ചത്. 2018 മേയ് 15ന് കേസിൽ അറസ്റ്റിലായ പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് ആറ് വർഷത്തിലേറെയായി ജയിലിലാണ്. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാ ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ രാജാവിജയരാഘവൻ, അത് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ഇതോടെ ഇനി രണ്ട് വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ പ്രതിക്ക് പുറത്തിറങ്ങാനാകും.

ഭീകര സംഘടനയായ ഐഎസിൻ്റെ ഘടകം കേരളത്തിലും ആരംഭിച്ച്, അതുവഴി ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തെന്നാണ് കേസ്. 253 പേർ മരിച്ച ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ നിന്നും ആവേശം ഉൾക്കൊണ്ട് കേരളത്തിലും സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമായിരുന്നു എൻഐഎ കണ്ടെത്തൽ.

2016ൽ കാസർകോടുനിന്ന് ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയെന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. അഫ്ഗാനിസ്താനിൽ എത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നായിരുന്നു എൻഐഎ ആരോപിച്ചിരുന്നത്. ഐഎസ് നേതാവായ അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ നിർദേശപ്രകാരമാണ് റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നും കേന്ദ്ര ഏജൻസിയുടെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ശ്രീലങ്കൻ സ്ഫോടനപരമ്പര ആസൂത്രണംചെയ്ത സഹ്റാൻ ഹാഷിമുമായി ചേർന്ന് ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എൻഐഎ കോടതി റിയാസിനെതിരേ ചുമത്തിയ യുഎപിഎ അടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പത്ത് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നത്. യുഎപിഎ 38-ാം വകുപ്പ് (ഭീകര സംഘടനയിൽ അം​ഗത്വമെടുക്കുക), യുഎപിഎ 39-ാം വകുപ്പ് (തീവ്രവാദ സംഘടനക്ക് സ​ഹായം ചെയ്യുക), ഐപിസി 120 ബി വകുപ്പ് (ഗൂഢാലോചന നടത്തുക) എന്നിവയായിരുന്നു ചുമത്തിയിരുന്നത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ എന്‍ഐഎ മാപ്പുസാക്ഷികളാക്കിയിരുന്നു. കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് എന്നിവരാണ് കേസില്‍ മാപ്പുസാക്ഷികളായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top