സുരേഷ് ഗോപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കണമെന്ന് ആര്‍ജെഡി; 6.6 കോടി പ്രചാരണത്തിന് നല്‍കിയെന്ന് കുഴൽപ്പണക്കേസിൽ സാക്ഷിമൊഴിയുണ്ടെന്ന് സലീം മടവൂർ

കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസിലെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. സുരേഷ് ഗോപി 6.6 കോടി കൈപ്പറ്റിയെന്ന് കൊടകര കുഴൽപ്പണകേസിലെ രണ്ടാംസാക്ഷി ധർമരാജനാണ് മൊഴി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ജെഡി ഈ ആവശ്യം ഉന്നയിച്ചത്.

തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമാത്രം 6.6 കോടി രൂപ തൃശ്ശൂർ മണ്ഡലത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് ബിജെപി പ്രവർത്തകൻ കൂടിയായ ധർമരാജൻ കൊടുത്ത കുറ്റസമ്മതമൊഴിയിലുള്ളത്. കുറ്റപത്രത്തിലും ഇക്കാര്യം പറയുന്നുണ്ട്. ഈ കേസില്‍ ഇതുവരെ നടപടി വന്നിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം മാത്രമാണ് ചിലവിടാന്‍ അധികാരമുള്ളത്. എന്നാല്‍ സുരേഷ് ഗോപിക്ക് മാത്രമായി 6.6 കോടി നല്‍കിയെന്നാണ് മൊഴിയുള്ളത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണം.

2021 ഏപ്രിൽ മൂന്നിനാണ് കാറിൽ കടത്തുകയായിരുന്ന മൂന്നരകോടി രൂപ തൃശൂർ കൊടകരയിൽ വച്ച് കാറിലെത്തിയ മറ്റൊരു സംഘം തട്ടിയെടുത്തത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിലവിലേക്ക് എത്തിച്ച പണമാണിത് എന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. കണക്കിൽപെടാത്ത പണമായതിനാൽ കേസ് എൻഫോഴ്സ്മെൻ്റും ആദായനികുതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സലിം മടവൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നാളിതുവരെയും ഒരു അന്വേഷണത്തിനും കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല. പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന ഇഡി കൃത്യമായ തെളിവുകളുണ്ടായിട്ടും ബിജെപി നേതാക്കളെ സംരക്ഷിക്കുകയാണ്. ഈ ഇരട്ടത്താപ്പ് പാർട്ടി തുറന്നുകാട്ടുമെന്നും സലീം മടവൂർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top