വെറുതെ ഒരു എംഎല്‍എ; മന്ത്രിസ്ഥാനം ഇനി നോക്കേണ്ട; കടുത്ത അമര്‍ഷത്തില്‍ ആര്‍ജെഡി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ കെ.ബി.ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ കടുത്ത അമര്‍ഷത്തില്‍ ആര്‍ജെഡി. ഒരൊറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയോഗം തീരുമാനിച്ചപ്പോള്‍ സോഷ്യലിസ്റ്റുകളുടെ പാര്‍ട്ടിയായ ആര്‍ജെഡിക്ക് ഇടംകിട്ടിയില്ല. പാര്‍ട്ടിയുടെ ഏക എംഎല്‍എ കെ.പി.മോഹനന്‍ മന്ത്രിയായതുമില്ല. മന്ത്രിസഭാ രൂപീകരണത്തില്‍ ആര്‍ജെഡിയ്ക്ക് കടുത്ത അവഗണന നേരിട്ടതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തി പുകയുന്നുണ്ടെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. “മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ആര്‍ജെഡിയെ മാത്രം ഒഴിച്ച് നിര്‍ത്തിയത് രാഷ്ട്രീയമായും ധാര്‍മികമായും ശരിയായ നടപടിയല്ല. മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച സോഷ്യലിസ്റ്റുകളെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയെയും കേരളത്തില്‍ ഇടതുമുന്നണിയേയും ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് രാഷ്ട്രീയ നിലപാട്.”വര്‍ഗീസ് ജോര്‍ജ് പറയുന്നു.
ഇടതുമുന്നണിയിലെ നാലാമത് ഘടകകക്ഷിയാണ് ആര്‍ജെഡി. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ആര്‍ജെഡിയാണ്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് തലത്തിലൊക്കെ പ്രാതിനിധ്യമുള്ള പാര്‍ട്ടി കൂടിയാണ്. മലബാറില്‍ ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്. പല നിയോജകമണ്ഡലങ്ങളിലും ഇടത് എംഎല്‍എമാരുടെ വിജയത്തിന് പിന്നില്‍ ആര്‍ജെഡിയുടെ ശക്തികൂടിയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
ദേശീയ തലത്തില്‍ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിലെ ഏറ്റവും പ്രധാന കക്ഷി കൂടിയാണ്. ബീഹാറില്‍ പാര്‍ട്ടി അധികാരത്തിലുമുണ്ട്. ഈ ഘടകങ്ങള്‍ കണക്കിലെടുത്തില്ല. ഇടതുമുന്നണിയോഗത്തില്‍ ഈ അവഗണന ചൂണ്ടിക്കാണിക്കാന്‍ ആര്‍ജെഡി യോഗത്തില്‍ ധാരണയായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here