സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സലിംമടവൂർ; ആർജെഡിക്ക് ഉള്ള സ്ഥാനങ്ങളും തിരിച്ചെടുക്കാം; എത്ര സഹിച്ചാലും മുന്നണി വിടില്ലെന്നും സംസ്ഥാന ജന. സെക്രട്ടറി

രാഷ്ട്രീയ ജനതാദൾ ഇടത് മുന്നണി വിടുമെന്ന പ്രചാരണത്തിൽ വൈകാരികത നിറഞ്ഞ മറുപടിയുമായി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ. മുന്നണിയിൽ തൻ്റെ പാർട്ടി അവഗണന നേരിടുന്നുവെന്ന സത്യം മറച്ചുവയ്ക്കാതെ അതിൻ്റെ കണക്കും സലിം പങ്കുവയ്ക്കുന്നു. മന്ത്രിസ്ഥാനത്തിൻ്റെ കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കാൻ കിട്ടിയ സീറ്റുകളുടെ കാര്യത്തിലും അതുണ്ട്. എന്നുവച്ച് അതിൻ്റെ പേരിൽ രാഷ്ട്രീയ ആദർശം ബലികൊടുക്കുന്ന പാർട്ടിയല്ല ആർജെഡി എന്ന് സലിം വിശദീകരിക്കുന്നു.

നിയമസഭാ പ്രാതിനിധ്യമുള്ള ഇടതുമുന്നണിയിലെ എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം വീതംവച്ചപ്പോൾ അതിൽ നിന്ന് ആർജെഡിയെ മാത്രം ഒഴിവാക്കിയത് വഞ്ചനാപരവും രാഷ്ട്രീയ നെറികേടും ആണെന്ന് സലിം തുറന്നടിക്കുന്നു. എന്നാൽ മുന്നണി മാറേണ്ട സാഹചര്യം ഒരു തലത്തിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല. വാർത്തകൾക്കും റേറ്റിംഗിനും വേണ്ടി എന്തും പ്രചരിപ്പിക്കരുത് എന്ന് മാധ്യമങ്ങളോടും അദ്ദേഹം ആവശ്യപ്പെടുന്നു. വാർത്തകൾ കൊണ്ട് ആശയക്കുഴപ്പത്തിലാകുന്ന നിസ്വാർത്ഥരായ ചില പാർട്ടി പ്രവർത്തകർ ഇടക്കിടെ ചോദിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണമെന്നും സലിം മടവൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

വാർത്തകൾക്കും റേറ്റിങ്ങിനും വേണ്ടി എന്തും പ്രചരിപ്പിക്കരുത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഘടകകക്ഷിയായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ആർജെഡി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയെങ്കിലും ആർജെഡിയെ മാത്രം മാറ്റി നിർത്തിയത് വഞ്ചനാപരവും രാഷ്ട്രീയ നെറികേടും ആണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. സിപിഎം നേതൃത്വം എന്തൊക്കെ പറഞ്ഞാലും മുന്നണിയിലെ ഒരു ഘടകകക്ഷിയോട് മാത്രം ന്യായീകരണം ഇല്ലാതെ കാണിക്കുന്ന അനീതി ശരിയല്ലെന്നും തെറ്റാണെന്നും ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം പൊതുസമൂഹവും. പക്ഷേ ആർ ജെ ഡി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വന്നത് മന്ത്രിസ്ഥാനമോ മറ്റു സ്ഥാനങ്ങളോ ലഭിക്കുമെന്ന പ്രതീക്ഷയിൽ അല്ല. അങ്ങനെയായിരുന്നെങ്കിൽ രണ്ട് വർഷം കൂടെ കാത്തിരുന്നാൽ യുഡിഎഫിന്റെ ഭാഗമായി ഉറപ്പായും ജയിക്കാമായിരുന്ന രണ്ട് മണ്ഡലങ്ങൾ പാർട്ടിയുടെ കൈവശം ഉണ്ടായിരുന്നു. വടകരയും കൽപ്പറ്റയും .

ഇനിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഏതെങ്കിലും പാർട്ടികൾക്ക് സ്ഥാനമാനങ്ങൾ തികയാത്തതുണ്ടെങ്കിൽ ആർജെഡിക്ക് തന്നിരിക്കുന്ന രണ്ട് ചെയർമാൻ സ്ഥാനങ്ങൾ കൂടെ സിപിഎമ്മോ മറ്റ് ഇടതു ഘടകകക്ഷികളും എടുത്ത് അവരുടെ അധികാര ദാഹം തീർക്കണം. .

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആർ ജെ ഡി അഥവാ എൽജെഡി യുഡിഎഫിൻ്റെ ഭാഗമായി ജയിച്ച സിറ്റിങ് സീറ്റുകളിൽ മാത്രമാണ് ഇടതുപക്ഷ മുന്നണിയിൽ ചേർന്ന ശേഷം മത്സരിച്ചത്. സ്വാഭാവികമായും ഇവയിൽ മിക്ക സീറ്റുകളും എൽഡിഎഫിന് വിജയസാധ്യത ഇല്ലാത്തവയായിരുന്നു. മണ്ഡല പുനർനിർണയം നടന്നില്ലെന്നതും ശ്രദ്ധേയമാണ്. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ നാലാമത്തെ പാർട്ടി ആവാൻ ആർജെഡിക്ക് സാധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ഒരു സിറ്റിംഗ് സീറ്റ് പോലും ഇല്ലാതെയാണ് പാർട്ടി മത്സരിച്ചത് എന്ന് ഓർക്കണം. അത് പാർട്ടിക്ക് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത ചില സോഷ്യലിസ്റ്റ് തുരുത്തുകളിലെ ശക്തി കാരണം തന്നെയാണ്. എന്നാൽ 12 ഓളം ഘടകകക്ഷികൾ ഉള്ള എൽഡിഎഫിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഞ്ചു മുതൽ 12 വരെ സ്ഥാനങ്ങൾ നേടിയ, ഒരു പഞ്ചായത്ത് മെമ്പറെ പോലും വിജയിപ്പിക്കാൻ കഴിയാത്ത പാർട്ടികൾക്കടക്കം മന്ത്രിസ്ഥാനവും ഉന്നത സ്ഥാനമാനങ്ങളും നൽകിയപ്പോഴും പാർട്ടിയോട് മാത്രം പ്രതികാര ബുദ്ധിയോടെ പെരുമാറി എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾ നിഷേധിക്കപ്പെട്ട് അധികാരമില്ലാതെ ശ്വാസംമുട്ടി ഇല്ലാതാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിൽ ആർജെഡിയെ ആരും കൂട്ടേണ്ടതുമില്ല

ഇന്നത്തെ സാഹചര്യത്തിൽ മത വർഗീയതക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കുന്ന രാഷ്ട്രീയ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ് എന്ന തിരിച്ചറിവിലാണ് പാർട്ടി ഇടതുപക്ഷ ആധിപത്യമുന്നണിയുടെ ഭാഗമായത്. എൽഡിഎഫ് വിജയിച്ച മൂന്ന് സിറ്റിങ് സീറ്റുകൾ പാർട്ടിക്ക് തന്നത് കാണാതിരിക്കാനും കഴിയില്ല. മാധ്യമങ്ങൾ നിരന്തരമായി നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതവും സത്യത്തിന്റെ കണിക പോലും ഇല്ലാത്തതുമാണ്. ആർജെഡി എന്ന രാഷ്ട്രീയപാർട്ടിയുടെയും അതിലെ നേതാക്കളെയുടെയും പ്രവർത്തകരുടെയും വിശ്വാസ്യത തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അത്തരം വാർത്തകളോട് പാർട്ടി ഔദ്യോഗികമായി പ്രതികരിക്കാത്തത് അത്തരം വാർത്തകൾക്ക് പൊതു സമൂഹത്തിൽ വിശ്വാസ്യതയില്ല എന്ന തിരിച്ചറിവിലൂടെയാണ്. എന്നാലും നിസ്വാർത്ഥരായ ചില പാർട്ടി പ്രവർത്തകർ ഇതിൽ വല്ല ശരിയും ഉണ്ടോ എന്ന് ഇടയ്ക്കിടെ വിളിച്ചു ചോദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ആർ ജെ ഡി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യം നിലവിൽ പാർട്ടി ഒരു തലത്തിലും ചർച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യേണ്ട ഏതെങ്കിലും ഘട്ടം വന്നാൽ അത് പരസ്യമായി പറഞ്ഞ് ചെയ്യാനും മടിയില്ല. നിലവിൽ അത്തരം സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ട് പ്രചരിക്കുന്ന വാർത്തകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ആർജെഡി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാണ്. ഏതെങ്കിലും ചാനലുകളോ മാധ്യമങ്ങളോ വിചാരിച്ചു പ്രലോഭനത്തിൽ ചാടിച്ച് മുന്നണി മാറുന്ന രാഷ്ട്രീയം ആർ ജെഡിക്കില്ല. ബിജെപിയുടെ രാഷ്ട്രീയത്തോട് അല്പം സമരസപ്പെട്ടിരുന്നെങ്കിൽ ദീർഘകാലത്തെ ജയിൽവാസം ഒഴിവാക്കാമായിരുന്നിട്ടും അതിനു തയ്യാറാവാതെ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് അധികാരത്തിന് പകരം ജയിൽവാസം തിരഞ്ഞെടുത്ത ലാലു പ്രസാദ് യാദവാണ് ഈ പാർട്ടിയെ നയിക്കുന്നത് എന്ന് പ്രചരണം നടത്തുന്ന മാധ്യമങ്ങൾ മനസ്സിലാക്കണം.

സലീം മടവൂർ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top