കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ കേസ്; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍; നര്‍ത്തകിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്

തിരുവനന്തപുരം : കറുത്ത നിറത്തിന്റെ പേരില്‍ വ്യക്തിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പേരില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്സിഎസ്ടി വകുപ്പ് 3(1) (r) പ്രകാരമാണ് കേസെടുത്തത്. പട്ടികജാതി-പട്ടികവർഗക്കാരെ മനപൂര്‍വം ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താലാണ് ഈ വകുപ്പിട്ട് കേസെടുക്കുന്നത്.

യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ലേഖകനും ചാനലുമാണ് രണ്ടും മൂന്നും പ്രതികള്‍. തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കന്റോണ്‍മെന്റ് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സത്യഭാമയുടെ വിവാദ പരാമര്‍ശം ഇങ്ങനെ: “ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലുമകത്തിവച്ച് മോഹിനിയാട്ടം കളിക്കുന്നത് അരോചകം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ഇവനെ കണ്ടുകഴിഞ്ഞാൽ ദൈവവും പെറ്റ തള്ളയും സഹിക്കില്ല. ” പറഞ്ഞതിൽ കുറ്റബോധമില്ലെന്നും പരാതിയുള്ളവർ കേസുകൊടുക്കട്ടെ എന്നുമാണ് വിവാദമുയർന്നശേഷം സത്യഭാമ പ്രതികരിച്ചത്. കറുത്ത കുട്ടികൾ മത്സരിച്ചാൽ സമ്മാനം കിട്ടില്ലെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തികേടാക്കരുതെന്നും കൂടി പറഞ്ഞു. വന്‍വിവാദമാണ് ഇതിനെ തുടര്‍ന്ന് രൂപപ്പെട്ടത്. ഇതോടുകൂടിയാണ് രാമകൃഷ്ണനും പരാതിയുമായി രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top