കൊല്ലത്തെ റോഡപകടം കൊലക്കേസായെന്ന മാധ്യമ സിൻഡിക്കറ്റ് വാർത്ത സ്ഥിരീകരിച്ച് പോലീസ്; കമ്മിഷണറുടെ വാർത്താസമ്മേളനം ഉടൻ

മിനി മുത്തൂറ്റ് നിധിയിൽ നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുക്കാൻ ബ്രാഞ്ച് മാനേജറുടെ ക്വട്ടേഷനെടുത്ത് എൺപതുകാരനെ ഗുണ്ടാസംഘം കാറിടിപ്പിച്ച് കൊലപ്പടുത്തിയെന്ന വാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പോലീസ്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാർ വാർത്താസമ്മേളനം നടത്തുമെന്ന് പോലീസ് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 23ന് കൊല്ലം ആശ്രാമത്തിന് അടുത്ത് പാപ്പച്ചൻ എന്നയാളുടെ സൈക്കിളിൽ കാറിടിച്ച് കയറ്റിയ കേസാണ് ആസൂത്രിതമെന്ന് തെളിഞ്ഞത്. മാധ്യമ സിൻഡിക്കറ്റ് ഇന്നലെ രാത്രി പുറത്തുവിട്ട വാർത്തയിൽ ഇന്ന് രാവിലെയാണ് പോലീസ് സ്ഥിരീകരണം വന്നത്. പിന്നാലെ ചാനലുകളടക്കം മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് വാർത്താ സമ്മേളനത്തിനുള്ള അറിയിപ്പ് ഉണ്ടായത്.

ALSO READ: കൊല്ലത്തെ റോഡപകടം കൊലക്കേസായി; ധനകാര്യ സ്ഥാപനത്തിലിട്ട 90 ലക്ഷം തട്ടാൻ മാനേജറുടെ ക്വട്ടേഷൻ; അരുംകൊലയുടെ ഞെട്ടിക്കും വിവരങ്ങൾ

വിരമിക്കൽ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൻ്റെ കൊല്ലം ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജർ സരിതയും ബ്രാഞ്ച് എക്സിക്യൂട്ടീവ് അനൂപും ചേർന്ന് ചേർന്ന് ആസൂത്രണം നടത്തിയത്.

കൊല്ലത്ത് പല കേസുകളിലും പ്രതിയായ അനി എന്നയാൾക്ക് രണ്ടുലക്ഷം വാഗ്ദാനം ചെയ്താണ് ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതുപ്രകാരം ഹാഷിഫ് എന്നയാളിൽ നിന്ന് വാടകക്കെടുത്ത കാർ പാപ്പച്ചൻ ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. സൈക്കിളിനെ ഇടിച്ചുവീഴ്ത്തിയ കാർ പാപ്പച്ചൻ്റെ മേലേകൂടി കയറിയിറങ്ങുന്നതിൻ്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. ദിവസങ്ങൾക്ക് ശേഷം കാർ കണ്ടെത്തി ഓടിച്ചയാളെ അറസ്റ്റ് ചെയ്തപ്പോഴും സംശയമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാപ്പച്ചൻ്റെ മകളുടെ പരാതി വന്നതിന് പിന്നാലെ വാഹനമോടിച്ച അനിയുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതാണ് നിർണായകമായത്.

മിനി മുത്തൂറ്റ് നിധി ലിമിറ്റഡ് കൊല്ലം ഓലയൂർ ബ്രാഞ്ച് മാനേജർ സരിത, ബ്രാഞ്ച് എക്സിക്യൂട്ടീവ് അനൂപ്, അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി, കാറുടമ ഹാഷിഫ്, മാഹീൻ എന്നിങ്ങനെ അഞ്ചുപേരാണ് ഇന്നലെ വൈകിട്ട് മുതൽ പോലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ രാത്രി മുതൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. പാപ്പച്ചൻ്റെ മരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സ്ഥിരനിക്ഷേപത്തിൽ സരിത നടത്തിയ തിരിമറിയുടെ വിവരങ്ങൾ ഓഡിറ്റിനിടെ കണ്ടെത്തിയിരുന്നതായി സൂചനയുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിൽ മിനി മുത്തൂറ്റ് നിധിയിലെ ഉന്നതരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി വിവരമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top