റിപ്പബ്ലിക്ക് ഓഫ് ഭാരത്, റീസർവ് ബാങ്ക് ഓഫ് ഭാരത്; അടിമുടി മാറ്റം എളുപ്പമാകുമോ

ന്യൂഡൽഹി: രാജ്യത്തിന്റെ പേരു മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കത്തെച്ചൊല്ലി ഭരണപ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോര് മുറുകുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തനിക്ക് ലഭിച്ച രാഷ്ട്രപതിയുടെ ക്ഷണക്കത്ത് സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ രൂക്ഷമായത്. ‘ പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പ്രയോഗമാണ് കത്തിലുള്ളത്. കൂടാതെ ജി 20 ഉച്ചകോടിക്ക് എത്തുന്ന പ്രതിനിധികൾക്കുള്ള ലഘുലേഖയുടെ ആമുഖത്തിൽ ഭാരത് എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നാമമെന്നും പറയുന്നുണ്ട്.

ഇത്രയും നാൾ ഇന്ത്യ ആയിരുന്ന രാജ്യം പെട്ടന്നെങ്ങനെ ഭാരതമായി എന്നാണ് ഇപ്പോഴത്തെ ചർച്ച. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മക്ക് INDIA എന്ന പേരു നൽകിയതിലുള്ള അതൃപ്തികൊണ്ടാണ് സർക്കാരിന്റെ ഈ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ഉപനിഷത്തുകളിൽ ഭാരതമാണെന്നും ബിജെപി മറുവാദം ഉന്നയിക്കുന്നുണ്ട്.

പൗരന്മാർ സ്വന്തം പേരു മാറ്റുന്ന പോലെ അത്ര എളുപ്പമല്ല രാജ്യം പേരു മാറ്റുമ്പോൾ. രൂപ മുതൽ പാസ്പോർട്ട് വരെ എല്ലാം അടിമുടി മാറേണ്ടി വരും. ‘റിസർവ് ബാങ്ക് ഓഫ് ഭാരത്’ ആകുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യൻ വിപണിയ്ക്കുണ്ടാകുന്ന മാറ്റം അത്ര ചെറുതാകില്ല. പാസ്‌പോർട്ടിൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്നത് ‘ഭാരത്’ ആക്കുന്നത് ക്ഷണക്കത്തിൽ പേര് മാറ്റിയ അത്ര ലാഘവത്തിൽ സാധിക്കില്ല. മറ്റ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ കാലമെത്ര വേണ്ടി വരുമെന്നും പറയാൻ കഴിയില്ല.

ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ, അൽ ഹിന്ദ് എന്ന് തുടങ്ങി നമ്മുടെ രാജ്യത്തിന് എങ്ങനെ ഇത്രയധികം പേരുകൾ വന്നു. സിന്ധു നദിയുടെ കരയിലുള്ള പ്രദേശം എന്ന നിലക്കാണ് ഗ്രീക്കുകാരും പേർഷ്യക്കാരും ഹൂണന്മാരുമെല്ലാം സിന്ധു എന്നും ഹിന്ദ് എന്നും ഇന്ദ് എന്നുമൊക്കെ വിളിച്ചു തുടങ്ങിയത്. യൂറോപ്യൻ അധിനിവേശമുണ്ടായപ്പോൾ അത് ഇൻഡീസും പിന്നെ ഇന്ത്യയുമായി. മുഗൾ ചക്രവർത്തിമാരാണ് ഹിന്ദുസ്ഥാൻ, അൽ ഹിന്ദ് എന്നിവയ്ക്ക് പ്രചാരം നൽകിയത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ഹിന്ദുസ്ഥാൻ എന്നത് ഉത്തരേന്ത്യയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഡെക്കാൻ ദക്ഷിണേന്ത്യയെയാണെന്നും ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ അറിയാം.

ഒന്നാം നൂറ്റാണ്ടു മുതലാണ് പൗരാണിക രേഖകളിൽ ഭാരത് എന്ന വാക്ക് കണ്ടുതുടങ്ങിയത്. മനുസ്‌മൃതിയിൽ ആര്യാവർത്തമെന്നാണ് കാണുന്നത്. ‘ഇന്ത്യ അഥവാ ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ ഇങ്ങനെയാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം തുടങ്ങുന്നത്. ഡോ. ബി.ആർ.അംബേദ്‌കർ അധ്യക്ഷനായ ഭരണഘടനാ കരട് കമ്മിറ്റി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത് ഒട്ടേറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ്.

ഭരണഘടന രൂപീകരണ സമയത്ത് ഇന്ത്യ എന്നത് രണ്ടാമത്തെ പേരായി നൽകിയാൽ മതിയെന്ന് കമലാപതി ത്രിപാഠി, കല്ലൂർ സുബ്ബ റാവു, എച്ച്.വി.കാമത്ത് തുടങ്ങി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പല അംഗങ്ങളും വാദിച്ചിരുന്നു. എന്നാൽ ഭരണഘടന പൂർത്തിയാക്കാൻ കുറേയധികം സമയം ആവശ്യം ഉണ്ടെന്നും പേരിന്റെ കാര്യത്തിൽ സമയം കളയേണ്ടെന്നുമായിരുന്നു അംബേദ്കറുടെ പക്ഷം. ഒടുവിൽ ഭാരത് അഥവാ ഇന്ത്യ എന്നത് കോൺസ്റ്റിറ്റ്യുഷൻ അസംബ്ലിയുടെ ഭൂരിഭാഗം കിട്ടാതെ നിരസിക്കപ്പെടുകയുമായിരുന്നു. അങ്ങനെയാണ് നമ്മൾ ഇന്ന് കാണുന്ന ‘ഇന്ത്യ അഥവാ ഭാരത്’ എന്ന രീതിയിലേക്ക് എത്തിയത്.

Logo
X
Top