റോബിന്‍ ബസുടമയുടെ അറസ്റ്റില്‍ ഭാര്യ നിഷയുടെ പ്രതികരണം; സര്‍ക്കാരിന്റെ പ്രതികാരമെങ്കില്‍ എന്ത് സംഭവിക്കുമെന്നറിയില്ല; ജാമ്യം നിഷേധിക്കാന്‍ നീക്കമെന്നും നിഷ

ഈരാറ്റുപേട്ട: സര്‍ക്കാരുമായി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റുമുട്ടുന്ന റോബിന്‍ ബസ് ഉടമ ഗിരീഷിനെ ഇന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പാലാ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി ഭാര്യ നിഷ തോമസ്‌ രംഗത്ത്. ഗിരീഷിനെ കസ്റ്റഡിയിലെടുക്കാന്‍ ഞായറാഴ്ച ദിവസം പാലാ പോലീസ് തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് ഗിരീഷിന്‍റെ ഭാര്യ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

”ഒരാഴ്ചയായി ലോം​ഗ് പെൻഡിം​ഗ് വാറന്റ് പാലാ സ്റ്റേഷനില്‍ എത്തിയിട്ട്. വെള്ളിയാഴ്ച വരെ ഗിരീഷ്‌ ബസിനൊപ്പമുണ്ടായിരുന്നു. അപ്പോഴൊന്നും കസ്റ്റഡിയിലെടുത്തില്ല. നാളെയാണ് കൊച്ചി കോടതിയില്‍ ഹാജരാക്കാനുള്ള അവസാന ദിവസമെന്നാണ് പോലീസ് പറഞ്ഞത്. അവധി ദിവസമായ ഇന്നാണ് പോലീസ് എത്തിയത്. സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല”- നിഷ പറഞ്ഞു.

”ഗിരീഷ്‌ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. മഫ്തിയിലുള്ള പോലീസ് സംഘം രാവിലെ തന്നെ വീടിനടുത്ത് എത്തിയിരുന്നു. പള്ളിയില്‍ നിന്ന് 11.30 ഓടെ വീട്ടിലെത്തിയപ്പോള്‍ പോലീസും ഒപ്പം വന്നു. 2012-ലെ കേസുമായി ബന്ധപ്പെട്ട് കൊച്ചി കോടതിയില്‍ നിന്നുള്ള വാറന്റിന്റെ കാര്യം പോലീസ് പറഞ്ഞു. എപ്പോഴാണ് വാറന്റ് എത്തിയതെന്ന് ചോദിച്ചപ്പോള്‍ ഒരാഴ്ചയായെന്ന മറുപടിയാണ് കിട്ടിയത്. ഇത്രയും ദിവസം എന്തിന് കാത്തു എന്ന് ചോദിച്ചപ്പോള്‍ ഒരു മറുപടിയുമില്ലായിരുന്നു. പോലീസ് ഉടന്‍ തന്നെ കൊച്ചിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അഭിഭാഷകനെ വരുത്തിയ ശേഷം രണ്ട് ജാമ്യക്കാരെ ഞങ്ങള്‍ ഒപ്പം അയച്ചിട്ടുണ്ട്.

ഒരു ലോറിയുടെ ഫിനാന്‍സുമായി ബന്ധപ്പെട്ടതാണ് കേസ്. വൈശ്യാ ബാങ്കില്‍ നിന്നായിരുന്നു ലോണ്‍. പക്ഷെ ബാങ്ക് ഇങ്ങനെ ഒരു കേസ് നല്‍കിയെങ്കില്‍ ഞങ്ങള്‍ക്ക് സമന്‍സ് വരേണ്ടിയിരുന്നു. സമന്‍സ് വന്നിട്ടില്ല. അതുകൊണ്ട് തന്നെ കേസില്‍ അവ്യക്തതയുണ്ട്.”നിഷ പറഞ്ഞു.

”കൊച്ചി കോടതിയില്‍ നിന്നും വാറന്റ് അയച്ചത് പാലാ പോലീസ് സ്റ്റേഷനിലേക്കാണ്. ഗിരീഷിനെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ എത്തിക്കാനാണ് പറഞ്ഞത്. 2012-ലുള്ള കേസാണ്. ഞങ്ങള്‍ക്ക് ലോം​ഗ് പെൻഡിം​ഗ് വാറന്റ് മാത്രമാണ് ലഭിച്ചത്. കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അതിലില്ല”-പാലാ എസ്ഐ വി.എല്‍. വിനു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഞായറാഴ്ച ദിവസം എന്നൊന്നും നോക്കിയില്ല. ആളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുക എന്ന നടപടിക്രമമാണ് പോലീസ് പൂര്‍ത്തിയാക്കിയത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും”-എസ്ഐ പറയുന്നു.

നിയമലംഘനമാരോപിച്ച് റോബിന്‍ ബസ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പത്തനംതിട്ട മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ബസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്. അതിന് മുന്‍പ് ബസിന് നിരന്തരം പിഴ ചുമത്തിയിരുന്നു. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top