‘റോഹിഗ്യൻ മുസ്ലിം അഭയാർത്ഥികൾക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ അവകാശമില്ല’; നയപരമായി തീരുമാനത്തിൽ ഇടപെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
ഡൽഹി: അനധികൃതമായി കുടിയേറിയ റോഹിഗ്യൻ അഭയാർത്ഥികൾക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാൻ അവകാശമില്ലെന്ന് കേന്ദ്രം. ഇവർക്ക് പൗരത്വം നൽകാനാകില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
അഭയാർത്ഥി പദവി നയപരമായ തീരുമാനമാണെന്നും അത് കോടതി ഉത്തരവ് അനുസരിച്ച് നൽകാൻ കഴിയില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഐക്യരാഷ്ട്ര സഭ നൽകുന്ന അഭയാർത്ഥി കാർഡ് ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ കാർഡ് ലഭിച്ച ചിലരാണ് അഭയാർത്ഥി പദവിക്കായി അവകാശം ഉന്നയിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിൽ എത്തുന്ന അഭയാർത്ഥികൾക്ക് അന്തസായി ജീവിക്കാനുള്ള മൗലികാവകാശം മാത്രമേ ഭരണഘടന നൽകുന്നുള്ളൂ. രാജ്യത്ത് സ്ഥിരതാമസമാക്കാനോ പൗരത്വത്തിനായി ശ്രമിക്കാനോ അവകാശമില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
അനധികൃതമായി എത്തുന്ന റോഹിഗ്യൻ മുസ്ലിം അഭയാർത്ഥികൾ പശ്ചിമബംഗാൾ, അസം, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യയെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ മനുഷ്യക്കടത്ത്, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലും ഇവർ ഏർപ്പെടുന്നുണ്ട്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു. തടവിലുള്ള റോഹിഗ്യൻ അഭയാർത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രിയാലി സുർ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here