ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, രോഹിത്തിനും കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം; ഏകദിനത്തിനും ടി 20ക്കും പുതിയ ക്യാപ്റ്റന്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കി. മൂന്നുപേര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കുന്നതിനു വേണ്ടിയാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതെന്നാണ് വിവരം.

ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 7 വരെയാണ് ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനം. ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു ഏകദിനങ്ങളും മൂന്നു ടി 20 മത്സരങ്ങളുമാണുള്ളത്. അടുത്തിടെ നടന്ന ട്വന്റി ട്വന്റി ലോകകപ്പോടെ രോഹിത്തും കോഹ്ലിയും ടി 20 മത്സരങ്ങളില്‍നിന്നും വിരമിച്ചിരുന്നു. എന്നാല്‍, ടി 20 മത്സരങ്ങളില്‍ രാജ്യത്തിനായി ഇനിയും കളിക്കുമെന്ന് ബുംറ പറഞ്ഞിരുന്നു.

രോഹിത്തിന്റെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്ക് പുതിയ നായകന്മാരെ കണ്ടെത്തേണ്ടി വരും. ടി 20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ കെ.എല്‍.രാഹുലും നയിക്കാനാണ് സാധ്യത. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവന്നത്. ടീമിനെ തിരഞ്ഞെടുക്കാന്‍ അടുത്തയാഴ്ച സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.

ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് മുന്‍പായി പുതിയ ഇന്ത്യന്‍ പരിശീലകനും ചുമതലയേക്കും. ഇന്ത്യന്‍ പരീശിലക സ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തുമെന്നാണ് സൂചന. ശ്രീലങ്കന്‍ പര്യടനത്തിനു മുന്‍പായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top