18കാരി രൂപ് കൻവാറിൻ്റെ ‘സതി’ മരണം; 37 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്…

സതി മഹത്വവൽക്കരിച്ചെന്ന കേസിൽ പ്രതികളെ 37 വർഷങ്ങൾക്ക് ശേഷം വെറുതേവിട്ടു. സംശയത്തിൻ്റെ ആനുകൂല്യം നൽകിയാണ് ജയ്പൂർ പ്രത്യേക കോടതിയുടെ നടപടി. ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ഹിന്ദു ആചാരത്തെയാണ് സതി അഥവാ സഹഗമനം എന്നു പറയുന്നത്. ഇന്ത്യയിലെ അവസാനമായി സതി അനുഷ്ടിച്ചെന്ന് അറിയപ്പെടുന്ന രൂപ കൻവാറിൻ്റെ മരണത്തെ മഹത്വവൽക്കരിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. മഹേന്ദ്ര സിംഗ്, ശ്രാവൺ സിംഗ്, നിഹാൽ സിംഗ്, ജിതേന്ദ്ര സിംഗ്, ഉദയ് സിംഗ്, ദസ്രത് സിംഗ്, ലക്ഷ്മൺ സിംഗ്, ഭൻവർ സിംഗ്എന്നീ എട്ടു പ്രതികളെയാണ് വെറുതേ വിട്ടത്.

1987 സെപ്തംബർ നാലിനാണ് 18 കാരിയായ രൂപ് കൻവാർ തൻ്റെ ഭർത്താവായ മാൽ സിംഗിൻ്റെ മരണശേഷം സതി അനുഷ്ടിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഏഴ് മാസം മാത്രമായ ഇവര്‍ ആചാരം ചെയ്യാൻ നിർബന്ധിതയായി എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 24കാരനായ ഭർത്താവിൻ്റെ ചിതയിൽ സ്വമേധയാ സതി അനുഷ്ടിക്കുകയായിരുന്നു എന്നായിരുന്നു അവകാശവാദം. എന്നാൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുടെ മൊഴികൾ അത് സത്യമല്ലെന്ന് തെളിയിക്കുകയായിരുന്നു.

രൂപ് കൻവാറിൻ്റെ ഒന്നാം ചരമ വാർഷികത്തിൽ 45 പേർ സതിയെ മഹത്വവത്കരിച്ച് ശവകുടീരത്തില്‍ പരിപാടി നടത്തിയെന്നായിരുന്നു നിലവില്‍ ഉണ്ടായിരുന്ന കേസ്. മരണശേഷം രൂപ് കൻവാറിനെ സതി മാതാവായി ആളുകൾ വാഴ്ത്തിപ്പാടി. അവരുടെ ശവകുടീരം ക്ഷേത്രമായി മാറി.1988 സെപ്റ്റംബറിൽ ഒന്നാം ചരമവാർഷിക ദിനത്തിൽ സതിയെ മഹത്വവൽക്കരിച്ച് രൂപ് കൻവാറിൻ്റെ ഭർത്താവിൻ്റെ അച്ഛനും പ്രാദേശിക രാഷ്ടീയ നേതാക്കളും ശവകുടീരത്തിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു.

രൂപ കൻവാറിൻ്റെ മരണശേഷം നിലവിൽ വന്ന 1987ലെ സതി നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് (സതി മഹത്വവൽക്കരിക്കുക ) പ്രകാരമായിരുന്നു കേസ്. ഏഴ് വർഷം വരെ തടവും 30,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഈ കേസിലെ 45 പ്രതികളിൽ 25 പേരെ തെളിവുകളുടെ അഭാവത്തിൽ 2004ൽ വെറുതെ വിട്ടിരുന്നു. എട്ട് പേർ വിചാരണക്കിടയിൽ മരണപ്പെട്ടു. നാല് പ്രതികളെ കണ്ടെത്താനുമായിരുന്നില്ല.

സതി എന്ന ദുരാചാരത്തിന് എതിരായി രാജാറാം മോഹൻ റോയി നടത്തിയ പ്രവർത്തനങ്ങളുടേയും നിരന്ത പ്രക്ഷോഭങ്ങളുടെയും ഫലമായി 1829 ഡിസംബർ 4ന് വൈസ്രോയിയായിരുന്ന വില്ല്യം ബെന്റിക് പ്രഭു ബ്രിട്ടീഷ് ഇന്ത്യയിൽ സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നാൽ ഈ ആചാരം സ്വാതന്ത്ര്യത്തിനു ശേഷം രാജസ്ഥാൻ്റെയും മധ്യപ്രദേശിൻ്റെയും ചില ഭാഗങ്ങളിൽ തുടർന്നു വന്നിരുന്നു. സ്വാതന്ത്ര്യാനന്തരം രാജസ്ഥാനിൽ മാത്രം 29 സതി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top