നയന്‍താര ചിത്രത്തിനെതിരെ വീണ്ടും കേസ്; വിവാദങ്ങള്‍ ഒഴിയാതെ അന്നപൂരണി
ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന നയന്‍താര ചിത്രം അന്നപൂരണിക്കെതിരെ വീണ്ടും കേസുകള്‍. മധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ അരൂപ് മുഖർജിയുടെ പരാതിയില്‍ നയാ നഗർ പോലീസാണ് കേസെടുത്തത്. ചിത്രത്തില്‍ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ രാജാ സിംഗ് രംഗത്തെത്തി.
ചിത്രത്തിന്‍റെ സംവിധായകന്‍ നിലേഷ് കൃഷ്ണയെ പോലുള്ള ആളുകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹിന്ദുത്വ വിരുദ്ധ സിനിമകള്‍ക്ക് മാറ്റമുണ്ടാകില്ല. ഒടിടിയില്‍ സെന്‍സര്‍ഷിപ്പ് വേണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ഗോഷാമഹൽ നിയമസഭാംഗമാണ് രാജ സിംഗ്.
കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ മുന്‍ ശിവസേന നേതാവും ഹിന്ദുത്വ പ്രവര്‍ത്തകനുമായ രമേശ് സോളങ്കി നല്‍കിയ പരാതിയില്‍ നയന്‍താര ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. വിവാദത്തെത്തുടര്‍ന്ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നും പിന്‍വലിച്ചിരുന്നു. വിവാദരംഗങ്ങള്‍ നീക്കുമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സീ സ്റ്റുഡിയോസ് അറിയിച്ചു.
ഹിന്ദു പൂജാരിയുടെ മകള്‍ ചിക്കന്‍ ബിരിയാണി പാചകം ചെയ്യുന്നതിന് മുന്‍പ് നിസ്ക്കരിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ഭഗവാൻ ശ്രീരാമനും മാംസാഹാരിയാണെന്ന് പറഞ്ഞ് ഫർഹാൻ എന്ന കഥാപാത്രം നായികയെ മാംസം കഴിക്കാൻ പ്രേരിപ്പിക്കുന്നു, എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായി രാമായണത്തില്‍ തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം പ്രതികരിച്ചു.
ചിത്രത്തില്‍ ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജ് എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. പാചകവിദഗ്ധയാകുകയാണ് ആഗ്രഹം. എന്നാല്‍ സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യാന്‍ അന്നപൂരണി പ്രയാസപ്പെടുന്നു. സുഹൃത്തായ ഫര്‍ഹാന്‍ നല്‍കിയ പ്രോത്സാഹനം കൊണ്ടാണ് സസ്യേതര വിഭവങ്ങള്‍ ഉണ്ടാക്കാനും അതുവഴി ആഗ്രഹിച്ച നേട്ടത്തിലേക്ക് എത്താനും അന്നപൂരണിക്ക് കഴിഞ്ഞത്.
നിലേഷ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 1ന് തീയറ്ററുകളില്‍ ഇറങ്ങിയ ചിത്രം, ഡിസംബര്‍ 29നാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here