ബിജെപി ശുപാർശയിൽ റൗഡികൾ വരെ സെൻസർ ബോർഡിലെത്തി!! എംപുരാൻ്റെ പേരിൽ ബോർഡിനെ പഴിക്കുന്നവർ അറിയുക; അംഗമാകാൻ മാനദണ്ഡമൊന്നുമില്ല

ഹിന്ദുവിരുദ്ധ ഉള്ളടക്കം ഒളിച്ചുകടത്തിയെന്ന പേരിൽ എംപുരാനും പ്രഥ്വിരാജിനും എതിരെ ആർഎസ്എസ് നിലപാട് കടുപ്പിക്കുകയാണ്. മുഖപത്രം ഓർഗനൈസർ തന്നെ പേരെടുത്ത് പറഞ്ഞത് നിസാരമല്ല. മോഹൻലാലിനെയും ആൻ്റണി പെരുമ്പാവൂരിനെയും ഗോകുലം ഗോപാലനെയും തൽക്കാലം കാര്യമായി ആക്രമിക്കുന്നില്ല എങ്കിലും അവരുടെ നിലപാട് നിഷ്കളങ്കമെന്ന് കണക്കാക്കി ഇളവ് കൊടുക്കാൻ ആർഎസ്എസ് തയ്യാറാകുമെന്ന് കരുതുന്നില്ല.
അതേസമയം ബിജെപി അണികൾ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നത് സെൻസർ ബോർഡിനെയാണ്. അതിന് കാരണം നിലവിൽ ബോർഡിലുള്ളത് ആർഎസ്എസ് നോമിനികളാണെന്ന് അവർ വിശ്വസിക്കുന്നു എന്നതാണ്. എംപുരാൻ റിലീസിന് ശേഷം കൂടിയ ബിജെപി കോർ കമ്മറ്റി യോഗത്തിൽ ഈ വിഷയം ഉന്നയിക്കാൻ ചിലർ ശ്രമിച്ചപ്പോൾ നേതാക്കൾ ഇക്കാര്യം പരാമർശിച്ച് വിഷയം മാറ്റി. ഏതായാലും ആരു നോമിനേറ്റ് ചെയ്താലും സ്ഥിതി ഒട്ടും മെച്ചമല്ല എന്നാണ് കാര്യങ്ങൾ അടുത്തറിയുമ്പോൾ വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ നവമ്പർ വരെ ബോർഡിൽ ഉണ്ടായിരുന്നവരിൽ ഒരാൾ തിരുവനന്തപുരം സിറ്റി പോലീസിൻ്റെ റൗഡി ലിസ്റ്റിൽ (Rowdy History Sheet) ഉൾപ്പെട്ടിരുന്നയാളാണ്. അതായത് അറിയപ്പെടുന്ന റൗഡി എന്നുതന്നെ. പേട്ട പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നാല് അടിപിടി കേസുകളിലെ പ്രതി. ഗുണ്ടാ ആക്ട് പ്രകാരം എപ്പോൾ വേണമെങ്കിലും കരുതൽ തടങ്കലിൽ പോകുകയോ കലക്ടറുടെ റിപ്പോർട്ട് പ്രകാരം നാടു കടത്തപ്പെടുകയോ ചെയ്യാവുന്ന കുറ്റവാളി.
മൂന്നുവർഷമാണ് ബോർഡ് അംഗങ്ങളുടെ കാലാവധി. 2021ൽ ബോർഡിലെത്തിയ ബിജെപിയുടെ പ്രാദേശിക ഭാരവാഹി കൂടിയായ ഇയാൾ 2024 നവമ്പർ വരെ തുടർന്നു. അക്രമം, സ്ത്രീവിരുദ്ധത തുടങ്ങി ഹീനകൃത്യങ്ങളെക്കുറിച്ച് അതിരുകടന്ന ആവിഷ്കാരങ്ങൾ സിനിമകളിൽ ഉണ്ടായാൽ ചൂണ്ടിക്കാട്ടി വിലക്കേണ്ട ചുമതലയിലാണ്, ഇത്തരം പല കേസിൽ ഉൾപ്പെട്ട ഒരാൾ ഇരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഇത്ര ഉത്തരവാദിത്തപ്പെട്ട പദവികളിൽ എത്താൻ പോലീസ് വെരിഫിക്കേഷൻ പോലുമില്ല എന്നതാണ് വ്യക്തമാകുന്നത്.
ഹിന്ദുവിരുദ്ധമെന്ന് ഇപ്പോൾ പറയുന്ന ഉള്ളടക്കമെല്ലാം ഇതേ അംഗങ്ങളുടെ മുന്നിലൂടെ കടന്നുപോയതാണെന്ന് വ്യക്തം. 2015ൽ പ്രേമം സിനിമ ചോർന്ന കേസിൻ്റെ അന്വേഷണം എത്തിനിന്നത് സെൻസർ ബോർഡിലായിരുന്നു. അറസ്റ്റിലായത് താൽക്കാലിക ജീവനക്കാരായിരുന്ന മൂന്നുപേർ. സെൻസറിങ്ങിന് എത്തുന്ന സിനിമകൾ ബോർഡ് അംഗങ്ങളിൽ പലരും സിഡിയിലും പെൻഡ്രൈവിലുമാക്കി വീട്ടിൽ കൊണ്ടുപോകുമായിരുന്നു എന്നന്ന് മൊഴിയുണ്ടായിരുന്നു. അത്രക്ക് കുത്തഴിഞ്ഞതാണ് ഈ സംവിധാനമെന്ന് ചുരുക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here