റോയൽ എൻഫീൽഡിൻ്റെ മെക്കാനിക്ക് പരമ്പരയിലെ ഏറ്റവും ഇളയവളായി ഈ കോട്ടയംകാരി; സ്വപ്ന യാത്രയിലേക്ക് ബുള്ളറ്റ് ഓടിച്ച് ദിയ ജോസഫ്
ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികൾ ഇന്ന് വിരളമല്ല. എന്നാൽ ബുള്ളറ്റ് നന്നാക്കുന്ന പെൺകുട്ടികളോ? ചുരുക്കമായിരിക്കും. റോയൽ എൻഫീൽഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ മെക്കാനിക്ക് എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിയായ ദിയ ജോസഫ് എന്ന 21കാരിക്ക്. ബുള്ളറ്റിനോടുള്ള ദിയയുടെ കമ്പം അറിഞ്ഞ എൻഫീൽഡ് കമ്പിനി നേരിട്ട് ജോലി ഓഫർ ചെയ്യുകയായിരുന്നു. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ദിയയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ അംഗീകാരമാണ്.
അച്ഛൻ മെക്കാനിക്ക് ആയതുകൊണ്ടുതന്നെ ഓർമവെച്ച കാലം മുതൽ കേട്ടു ശീലിച്ചത് ബുള്ളറ്റുകളുടെ ശബ്ദമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിയയെ ഇരുചക്ര വാഹനങ്ങളുടെ തകരാറുകൾ എഴുതിയെടുക്കാൻ അച്ഛൻ പഠിപ്പിച്ചത്. അച്ഛന്റെ ജോലിയിൽ താത്പര്യം തോന്നിയതോടെ പതിയെ പണികൾ പഠിച്ചുതുടങ്ങി. ചെറിയ വയറിങ് പണികളിൽ തുടങ്ങി വലിയ തകരാറുകൾ വരെ അനായാസം നന്നാക്കിയെടുക്കാൻ ദിയ ശീലിച്ചു.
ബുള്ളറ്റ് ഓടിക്കുക മാത്രമല്ല ഓടിക്കുന്ന വാഹനം സ്വന്തമായി നന്നാക്കാൻ അറിയുക എന്നതായിരുന്നു ദിയയുടെ ആഗ്രഹം. പിറന്നാൾ സമ്മാനമായി അച്ഛൻ തണ്ടർബേർഡ് 350 വാങ്ങികൊടുത്തതോടെ അതിലാണ് ഇപ്പോൾ സവാരി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മെക്ക് റാണി എന്ന പട്ടത്തിൽ നിന്നും ബുള്ളറ്റ് 350യുടെ ഏറ്റവും പ്രായം കുറഞ്ഞ മെക്കാനിക്ക് എന്നതിലേക്ക് റോയൽ എൻഫീൽഡ് തന്നെ സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ച ദിയയ്ക്ക് ബുള്ളറ്റുകളെ സ്നേഹിക്കാൻ പ്രചോദനമായത് അച്ഛൻ തന്നെയാണ്.
മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം ചെന്നൈയിലെ റോയൽ എൻഫീൽഡിലെ ഫാക്ടറിയിൽ ജോലിയില്‍ കയറാനാണ് ദിയയുടെ തീരുമാനം. അവധിക്കാല സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അച്ഛനിൽ നിന്ന് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് ദിയ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here