രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായി രാജകുടുംബാംഗം ദിയ കുമാരി

രാജസ്ഥാന്‍: രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയായി ജയ്പൂര്‍ രാജകുടുംബാംഗം ദിയ കുമാരി. ‘തെരുവിലൂടെ നടക്കുന്ന രാജകുമാരി’ എന്നാണ് ദിയ കുമാരി അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിദ്യാധര്‍ മണ്ഡലത്തില്‍ നിന്ന് 71368 വോട്ടുകള്‍ക്കാണ് ജയിച്ചത്. പ്രേംചന്ദ് ബൈരവയാണ് മറ്റൊരു ഉപമുഖ്യമന്ത്രി. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച ബിജെപി നേതാക്കളില്‍ ഒരാള്‍ ദിയയായിരുന്നു.

1971 ജനുവരിയില്‍ ജയ്പൂരിലാണ് ദിയ കുമാരി ജനിച്ചത്. മുത്തശ്ശന്‍ സവായ് മാന്‍ സിംഗ് രണ്ടാമന്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത് ജയ്പൂരിലെ അവസാന രാജാവായിരുന്നു. ഡല്‍ഹി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ലണ്ടനിലെ ചെല്‍സ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഡെക്കറേറ്റീവ് പെയിന്റിംഗ് അഭ്യസിച്ച ദിയ അതിനുശേഷം ജയ്പൂരിലെ അമിറ്റി യുണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത ദിയ കുമാരിയുടെ പിതാവ് ബ്രിഗേഡിയര്‍ സവായ് ഭവാനി സിംഗിന് മഹാവീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. 1994ല്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റായിരുന്നു നരേന്ദ്ര സിംഗിനെ ദിയ വിവാഹം ചെയ്തു. രാജകുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ വിവാഹം ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 2018ല്‍ ഇരുവരും വിവാഹമോചനം നേടി. ദിയ കുമാരിയുടെ മൂന്ന് മക്കളില്‍, മൂത്ത മകന്‍ പദ്മനാഭ് സിംഗ് ഇപ്പോള്‍ ജയ്പൂര്‍ മഹാരാജവാണ്.

2013ലാണ് ദിയ കുമാരി രാഷ്ട്രീയത്തില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെ സവായ് മധോപുര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി എംഎല്‍എയായി നിയമസഭയിലെത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്സമന്ദില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി. വസുന്ധര രാജെയുടെ സമ്മര്‍ദ്ദം കൊണ്ടാണ് ദിയക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തിന് പുറമേ സ്കൂളുകൾ, മ്യൂസിയം, ഹോട്ടലുകൾ തുടങ്ങി നിരവധി സംഭരംഭങ്ങൾ ദിയ നടത്തുന്നുണ്ട്. മഹാരാജ സവായ് മാൻ സിംഗ് രണ്ടാമൻ മ്യൂസിയം ട്രസ്റ്റ്, ജയ്ഗർ ഫോർട്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചുമതലയും ദിയ കുമാരി വഹിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top