ഒരു മാങ്ങാണ്ടിക്ക് 25000!! എല്ലാവരോടും ഇതേ നീതിയോയെന്ന് എംജി ശ്രീകുമാർ… 50000 വരെ പിഴയാകാമെന്ന് മുളവുകാട് പഞ്ചായത്ത്

കായലോരത്തെ വീട്ടിൽ നിന്ന് വെള്ളത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നതോടെ എയറിലാണ് ഗായകൻ എംജി ശ്രീകുമാർ. മാലിന്യം അല്ല, മാങ്ങാണ്ടിയാണ് വെള്ളത്തിൽ ഇട്ടതെന്ന് ഗായകൻ പറഞ്ഞെങ്കിലും ആരും മുഖവിലക്ക് എടുത്തിട്ടില്ല. അണ്ണാൻ തിന്ന മാങ്ങയുടെ അണ്ടി തൻ്റെ വീട്ടിലെ ജോലിക്കാരിയാണ് വെള്ളത്തിലിട്ടത് എന്നെല്ലാം വിശദീകരിച്ചെങ്കിലും കമൻ്റ് ബോക്സുകളെല്ലാം ആക്ഷേപങ്ങൾ കൊണ്ട് നിറയുകയായിരുന്നു.
ഇക്കാര്യത്തിൽ പഞ്ചായത്തിൻ്റെ വിശദീകരണം വന്നതോടെ ശ്രീകുമാർ കൂടുതൽ പ്രതിരോധത്തിലായി. ഒരു വേസ്റ്റും ഈ വീട്ടിൽ നിന്ന് പുറത്തേക്ക് കൊടുക്കുന്നില്ല എന്നും മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനക്കാരെ പരിസരത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അവർക്കുള്ള പ്രതിമാസ ഫീസായ 50 രൂപ പോലും കൊടുക്കില്ലെന്നും ഒക്കെയാണ് മുളവുകാട് പഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് അക്ബർ വെളിപ്പെടുത്തിയത്. വീട്ടിൽ വേസ്റ്റ് ഉണ്ടാകുന്നില്ല എന്ന വാദം വിചിത്രമാണെന്ന് പറഞ്ഞ പ്രസിഡൻ്റ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്ന് സൂചിപ്പിച്ചു.
പഞ്ചായത്ത് ആവശ്യപ്പെട്ട തുക തർക്കമൊന്നും കൂടാതെ അടച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗായകൻ അതൃപ്തി മറച്ചുവച്ചില്ല. ഒരൊറ്റ മാങ്ങാണ്ടിയുടെ പേരിൽ ചിലവായ തുകയാണ് 25,000 രൂപയെന്നും, നാടുനീളെ മാലിന്യം എറിയുന്നവരോടെല്ലാം ഇതേ നീതിയാണോ എന്നും ശ്രീകുമാർ ചോദിച്ചു. അതിന് മറുപടിയായാണ് 50,000 രൂപ വരെ പിഴയടിക്കാവുന്ന വിഷയമാണെന്ന് പ്രസിഡൻ്റ് വിശദീകരിച്ചത്. ഏതായാലും മാലിന്യം പുറത്തക്ക് കൊടുക്കാത്ത നിലപാട് പുതിയ സാഹചര്യത്തിൽ സങ്കീർണമാകാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here