ആര്‍എസ്എസ് ഇനി മിണ്ടാതിരിക്കില്ല; ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തീരുമാനം; സുരേന്ദ്രന്‍ വിളിച്ച നേതൃയോഗം മാറ്റി
പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം. രാഷ്ട്രീയ സ്ഥിതി, സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, തിരഞ്ഞെടുപ്പിലെ തോല്‍വി തുടങ്ങിയെല്ലാം ചര്‍ച്ചയാകും. നിലവിലെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ആര്‍എസ്എസ് കഴിഞ്ഞ കുറച്ചു നാളായി ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലായിരുന്നു. എന്നാല്‍ ഈ നില തുടർന്നാൽ വലിയ ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് ഈ ഇടപെടല്‍.
ബിജെപി ദേശീയ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഈ ഇടപെടല്‍. ഉപതിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന അധ്യക്ഷന്‍ വിളിച്ചിരുന്ന നേതൃയോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് ഒഴിവാക്കി. ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദേശം. ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ സംസ്ഥാനനേതൃയോഗം ചേരാനായിരുന്നു തീരുമാനം. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും സഹപ്രഭാരി അപരാജിത സാരംഗിയും കേരളത്തില്‍ എത്തുന്നുണ്ടെങ്കിലും സംസ്ഥാനനേതൃയോഗം ഉണ്ടാവില്ല.
നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു യോഗം ചേരുന്നത് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാക്കും എന്നാണ് കേന്ദ്ര നേൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിങ്കളാഴ്ച കോര്‍-കമ്മിറ്റി ചേരും. അതിന് മുമ്പ് തന്നെ ആര്‍എസ്എസുമായുള്ള ചര്‍ച്ചകള്‍ നടത്താനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
പാര്‍ട്ടിയിലെ താഴെ തട്ടിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ ഈ മാസം പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിലും ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here