ആലപ്പുഴയിൽ ക്രിസ്മസ് സന്ദേശം നൽകുന്നത് വിലക്കി ആർഎസ്എസ് നേതാവ്; മറുപടിയായി ക്രിസ്മസ് കരോൾ സംഘടിപ്പിച്ച് പ്രതിഷേധം
ആലപ്പുഴയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിന് ആർഎസ്എസ് നേതാവിൻ്റെ വിലക്ക്. ഇന്നലെ രാത്രി മുതുകുളം വെട്ടത്തുമുക്കിലാണ് സംഭവം നടന്നത്. റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകിയ പെന്തക്കോസ്ത് വിഭാഗക്കാരെയാണ് ഭീഷണിപ്പെടുത്തിയത്.
ക്രിസ്മസ് സന്ദേശം പ്രസംഗിച്ചുകൊണ്ട് ആളിനരികിലേക്ക് ബൈക്കിലെത്തിയ ആർഎസ്എസ് കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷാണ് ഭീഷണി മുഴക്കിയത്. മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു ആർഎസ്എസ് നേതാവിൻ്റെ വിരട്ടൽ.
എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് സന്ദേശം നൽകികൊണ്ടിരുന്നയാൾ തിരിച്ച് ചോദിച്ചപ്പോൾ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് നിർത്താൻ പറഞ്ഞത് എന്നായിരുന്നു രതീഷിന്റെ മറുപടി. വർഷങ്ങളായി നടത്തുന്ന പരിപാടിയാണെന്ന് പറഞ്ഞിട്ടു ആർഎസ്എസ് നേതാവ് ചെവിക്കൊണ്ടില്ല. എന്തു പറഞ്ഞാലും ക്രിസ്മസ് സന്ദേശം നൽകാൻ പറ്റില്ല എന്ന് പറഞ്ഞ് ഭീഷണി കടുപ്പിക്കുകയായിരുന്നു. ഇതോടെ പെന്തക്കോസ്ത് വിഭാഗക്കാർ പരിപാടി അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മുതുകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വെട്ടത്തുമുക്ക് ജംഗ്ഷനിൽ പ്രതിഷേധ യോഗവും ക്രിസ്മസ് കരോളും സംഘടിപ്പിച്ചു. ഇന്നലെ പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി കരോള്‍ നടക്കുമ്പോൾ വിഎച്ച്പി പ്രവർത്തകർ എത്തി തടഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നല്ലേപ്പിള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞുകൊണ്ടാണ് സ്കൂളിലെ ആഘോഷ പരിപാടി വിഎച്ച്പി പ്രവർത്തകർ തടഞ്ഞത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here