ആർഎസ്എസ് പ്രചാരക് ആർ.ഹരി അന്തരിച്ചു; വിട വാങ്ങുന്നത് 8 പതിറ്റാണ്ട് നിറഞ്ഞു നിന്ന വ്യക്തിത്വം
കൊച്ചി: ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എട്ട് പതിറ്റാണ്ടോളം ഇന്ത്യയിലെ ആര്‍എസ്എസ് ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു. സംസ്‍കാരം തിങ്കളാഴ്ച തിരുവില്വാമല ഐവർ മഠത്തിൽ നടക്കും.
1951 മുതല്‍ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി. കേരളത്തിൽ പ്രാന്തപ്രചാരക് ആയി. 1948-ൽ ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനെ നിരോധിച്ചപ്പോള്‍ 5 മാസം ജയിലിലായിരുന്നു. അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, ബൗദ്ധിക് പ്രമുഖ് ചുമതലകള്‍ വഹിച്ചു. 2000-ൽ ഉത്തരേന്ത്യയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റപ്പോള്‍ ഓർമ നഷ്ടം സംഭവിച്ചിരുന്നു. ചികിൽസയ്ക്കുശേഷമാണ് തിരിച്ചുകിട്ടിയത്. 75–ാം വയസ്സിൽ ഔദ്യോഗിക ചുമതകളിൽ നിന്ന് ഒഴിഞ്ഞു.
വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വ്യാസഭാരതത്തിലെ ദ്രൗപതി’ എന്ന പുസ്തകം അദ്ദേഹത്തിന്റെതാണ്.
ടാറ്റ ഓയിൽ മിൽസിൽ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവിൽപ്പറമ്പിൽ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബർ അഞ്ചിനാണു ജനനം.
സെന്റ് ആൽബർട്സിലും മഹാരാജാസിലുമായിരുന്നു പഠനം. ബിഎ ഇക്കണോമിക്സ് ബിരുദം നേടി. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here