മെത്രാൻസമിതി അധ്യക്ഷന്റെ കോളേജില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; ഭരണകൂട പ്രീതിക്കെന്ന് ആക്ഷേപം; പ്രതിഷേധവുമായി സംഘടനകള്‍

മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആര്‍എസ്എസിന്റെ ക്യാംപ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഘ ശിക്ഷാ വര്‍ഗ് ക്യാംപിന് സഭാ മാനേജ്‌മെന്റ് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ വ്യാപക അക്രമങ്ങള്‍ നടത്തുമ്പോഴാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനായ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കത്തോലിക്ക ബാവയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനം തന്നെ അതേ ആര്‍എസ്എസിൻ്റെ പരിപാടിക്ക് വിട്ടുനല്‍കിയിരിക്കുന്നത്. ക്യാംപിനായി സര്‍വോദയ സ്‌കൂളാണ് വാടകയ്ക്ക് നല്‍കിയത്. ക്യാമ്പസിലെ എല്ലാ വിദ്യാലയങ്ങള്‍ക്കുമുള്ള ഗ്രൗണ്ടാണ് ക്യാമ്പിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. ഇത് വിവാദമാക്കേണ്ടതില്ല എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

എല്ലാ കാലത്തും ഭരണകൂടവുമായി ഒട്ടിനിന്ന് കാര്യങ്ങള്‍ നേടിയെടുക്കുന്ന നയമാണ് മലങ്കര കത്തോലിക്ക സഭ നടത്തിപ്പോരുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പോലും അഹമ്മദബാദില്‍ ആരാധനക്കെത്തിയ വിശ്വാസികളെ ജയ്ശ്രീറാം വിളികളോടെ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും അടിച്ചോടിക്കുകയും ചെയ്തിട്ടുപോലും കെസിബിസി മൗനം പാലിച്ച് സംഘപരിവാറിനോടും കേന്ദ്ര സര്‍ക്കാരിനോടും വിധേയത്വം പ്രകടിപ്പിക്കുകയാണ്.

സ്വാതന്ത്ര്യസമര കാലത്ത് 1939 നവംബർ 15ന് ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷവുമായി ബന്ധപ്പെട്ട് മലങ്കര കത്തോലിക്ക സഭാ സ്ഥാപകന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത തന്റെ അരമന വളപ്പില്‍ ഗംഭീര സ്വീകരണവും മംഗളപത്ര സമര്‍പ്പണവും നടത്തിയിരുന്നു. തിരുവിതാംകൂറിലെ ക്രൈസ്തവ സഭകളെ സര്‍ സിപി പരമാവധി പീഡിപ്പിച്ചിരുന്ന കാലത്താണ് മലങ്കരസഭ ഈവിധം ദിവാനെ പ്രീണിപ്പിക്കാൻ ഇറങ്ങിയത്. ആ പാരമ്പര്യം തന്നെയാണ് ഇപ്പോഴും തുടരുന്നത്. അക്കാലത്ത് ദിവാന് മംഗളപത്രം സമര്‍പ്പിക്കാതിരുന്നത് മാര്‍ത്തോമ്മ സഭ മാത്രമായിരുന്നു.

“ദിവാന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ക്കായി കമ്മറ്റി രൂപീകരിച്ചു. പട്ടത്തുള്ള ആര്‍ച്ചുബിഷപ്പിന്റെ അരമനാങ്കണത്തില്‍ വെച്ച് ആഘോഷങ്ങള്‍ നടത്തത്തക്കവിധം അവര്‍ നിശ്ചയിക്കുകയും വിവരം ആര്‍ച്ചുബിഷപ്പിനെ അറിയിക്കുകയും ചെയ്തു. ദിവാനുമായി മൈത്രിയില്‍ കഴിച്ചുകൂടുന്നതിന് പറ്റിയ ഒരു സന്ദര്‍ഭം പ്രതീക്ഷിച്ചു കൊണ്ടിരുന്ന കഥാപുരുഷന്‍ (മാര്‍ ഈവാനിയോസ്) ഇതിന് സമ്മതവും നല്‍കി” എന്നാണ് മാര്‍ ഈവാനിയോസിന്റെ ജീവചരിത്രത്തില്‍ എഴുതിയിരിക്കുന്നത്.

ദിവാനെ സന്തോഷിപ്പിച്ചതിന് പ്രത്യുപകാരമായി പട്ടത്തുള്ള ഇപ്പോഴത്തെ സെന്റ് മേരീസ് സ്‌കൂളിന് ദിവാന്‍ അന്നുതന്നെ അനുമതി നല്‍കുകയും ചെയ്തായി ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവാനോടുള്ള ആദരസൂചകമായി ‘സചിവോത്തമ ഷഷ്ഠിബ്ദപൂര്‍ത്തി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നായിരുന്നു പേരിട്ടത്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമാണ് സ്‌കൂളിന് സെന്റ് മേരീസ് സ്‌കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here