മാണി ഗ്രൂപ്പിന്റെ ഒളിച്ചുകളി; ഗതികെട്ട റബര്‍ കര്‍ഷകരെ ആര്‍ക്കും വേണ്ടാതായി; നവകേരള സദസില്‍ വിലയിടിവ് ചര്‍ച്ച ചെയ്യാതിരിക്കാന്‍ നീക്കം

കോട്ടയം: റബര്‍ കൃഷിയുടെ തകര്‍ച്ചയോ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാതെ നവകേരള യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ഈ മാസം 12 ന് കോട്ടയത്തെത്തുമ്പോള്‍ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടെന്ന് ആരും വിശ്വസിക്കുന്നുമില്ല. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാലാണ് നവകേരള സഭയില്‍ ഈ പ്രശ്നം ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമം നടത്തുന്നത്. വിലത്തകര്‍ച്ചയാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. റബറിന് താങ്ങുവിലയും ലഭിക്കുന്നില്ല. താങ്ങുവില 300 രൂപയാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. റബര്‍ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൃത്യമായ ഒരു നിലപാട് പറയാനില്ലാതെ നെട്ടോട്ടത്തിലാണ്.

റബര്‍ പ്രശ്നം വരുമ്പോള്‍ കേരളം കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്കും കേന്ദ്രം തിരിച്ചുമാണ് പന്ത് തട്ടാറുള്ളത്. റബര്‍ കൃഷിയുടെ വിലയിടിവിനെ തുടര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷി ചെയ്യുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നിട്ടും കര്‍ഷകരെ രക്ഷിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ല. കെ.എം.മാണി ധനമന്ത്രിയായിരിക്കുമ്പോള്‍ ബജറ്റില്‍ ആരംഭിച്ച വിലസ്ഥിരതാ ഫണ്ട് ഇപ്പോള്‍ എന്തുകൊണ്ട് വിതരണം ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടിപോലും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ജോസ് കെ മാണിയും കൂട്ടരും. ഈ വര്‍ഷം 500 കോടി രൂപ ബജറ്റില്‍ വിലസ്ഥിരതാ ഫണ്ടിനായി നീക്കിവെച്ചെങ്കിലും 33 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്.

നവകേരള സദസിന്റെ ഭാഗമായി ഈ കഴിഞ്ഞയാഴ്ച കോട്ടയത്ത് നടന്ന റബര്‍ കര്‍ഷക സംസ്ഥാന കണ്‍വെന്‍ഷനില്‍ കേന്ദ്രത്തെ പഴിചാരി തടിതപ്പാനാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ശ്രമിച്ചത്. ”റബര്‍ ഉത്പാദന സംഘങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് യുഡിഎഫാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ യുഡിഎഫ് ഒരു ശ്രമവും നടത്തുന്നില്ലെന്നാണ്” ജയരാജന്‍ പറഞ്ഞത്. എന്നാല്‍ കേരളം വിലസ്ഥിരതാ ഫണ്ട് നല്‍കട്ടെ. അത് നടപ്പിലാക്കിയിട്ട് സംസാരിക്കാം എന്ന നിലപാടാണ് റബര്‍ കര്‍ഷക സംഘങ്ങള്‍ എടുക്കുന്നത്. കേന്ദ്രത്തിനെ കുറ്റപ്പെടുത്തി കൈകഴുകാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് ബിജെപിയും തടയിടുകയാണ്. കേരളം ആദ്യം തറവില പ്രഖ്യാപിക്കട്ടെ അതിനു ശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്താം എന്നാണ് ബിജെപി നിലപാട്.

റബര്‍ ഒരു രാഷ്ട്രീയ വിഷയം മാത്രമായാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണുന്നത്- നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ബാബു ജോസഫ് മാധ്യമ സിന്‍ഡിക്കേറ്റിനോട് പറഞ്ഞു. കേരളത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കേരളവും കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവരും ചെയ്യണം. എന്നാല്‍ ആരും ഒന്നും ചെയ്യുന്നില്ല. ഇതാണ് റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. കേന്ദ്രത്തിന്റെ കയ്യിലാണ് കൂടുതല്‍ കാര്യങ്ങള്‍. കേന്ദ്രത്തിനാണ് കൂടുതല്‍ റോളുള്ളത്. കേന്ദ്രം അവഗണന തുടരുകയാണ്. എന്നാല്‍ ത്രിതല പഞ്ചായത്തില്‍ നിന്നും പ്ലാന്‍ ഫണ്ട് റബര്‍ കര്‍ഷകര്‍ക്കും കൃഷിക്കും നല്‍കാവുന്നതാണ്. കേരള സര്‍ക്കാര്‍ ആ രീതിയില്‍ ഒരു ശ്രമവും നടത്തുന്നില്ല-ബാബു ജോസഫ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top