റബറിന് 10 രൂപ നൽകി പറ്റിച്ചെന്ന പേടിയിൽ മാണി ഗ്രൂപ്പ്, തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ജോസ് കെ.മാണിയും കൂട്ടരും, വില 170ൽ നിന്ന് 180ആക്കി ബജറ്റ്
തിരുവനന്തപുരം: റബറിൻ്റെ വിലസ്ഥിരതക്കായി കേവലം 10 രൂപ മാത്രം ബജറ്റിൽ വർദ്ധിപ്പിച്ചത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന ഭയത്തിലാണ് നേതൃത്വം. നിലവിൽ റബറിന് സർക്കാർ നിശ്ചയിരിക്കുന്ന വിലസ്ഥിരത കിലോയ്ക്ക് 170 രൂപയാണ്. ഇതിനെ വെറും പത്തുരൂപ കൂട്ടി 180 രൂപയായി ഉയർത്തിയതിനോട് പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കും കൂട്ടർക്കും യോജിക്കാനാവുമെന്ന് തോന്നുന്നില്ല. ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ച് പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാർട്ടിയുടെ അണികളിൽ ബഹുഭൂരിപക്ഷവും ഇടത്തരക്കാരായ റബർ കർഷകരാണ്. രണ്ടാഴ്ച മുമ്പ് ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ റബറിൻ്റെ താങ്ങുവില 200 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റബ്ബർ വിലസ്ഥിരതാ പദ്ധതിപ്രകാരം ഒരു കിലോയ്ക്ക് നൽകുന്ന 170 രൂപ 200 രൂപയാക്കി വർധിപ്പിക്കണം എന്നായിരുന്നു ആവശ്യം. ഒരു കിലോ റബ്ബർ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചെലവിനേക്കാൾ 40 രൂപയോളം കുറവാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്ന 170 രൂപയെന്നാണ് മാണിഗ്രൂപ്പ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.
റബർ സബ്സിഡി 250 ആക്കുമെന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മാണി ഗ്രൂപ്പിന് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷകരുടെ അടുത്ത് ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്രത്തെ കുറ്റംപറഞ്ഞ് തടിപ്പാനാവില്ലെന്നാണ് അണികളുടെ നിലപാട്. 150 ആയിരുന്ന സബ്സിഡി തുകയിൽ മൂന്നുവർഷം കൊണ്ട് കൂട്ടാൻ കഴിഞ്ഞത് കേവലം 30 രൂപ മാത്രം . അതാണെങ്കിൽ കിട്ടാറുമില്ല. പ്രകടനപത്രികയിൽ 250 രൂപ എന്ന് പറഞ്ഞെങ്കിലും 200 എങ്കിലും തരണമെന്നായിരുന്നു കേരള കോൺഗ്രസിൻ്റെ അഭ്യർത്ഥന.
കേ രള കോൺഗ്രസ് മത്സരിക്കുന്ന കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും റബർ കർഷകരാണ്. ബജറ്റിലും കാര്യമായ വർദ്ധന ഉണ്ടാകാത്ത സാഹചര്യത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമോ എന്ന ഭയത്തിലാണ് ജോസ് കെ. മാണിയും കൂട്ടരും.
കഴിഞ്ഞ ഡിസംബർ 13ന് പാലായിൽ നടന്ന നവകേരള സദസിൽ വെച്ച് തോമസ് ചാഴിക്കാടൻ എംപി റബറിൻ്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് സദസിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വിമർശനത്തോട് കാര്യമായി പ്രതിഷേധിക്കാൻ പോലും കേരള കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here