നവകേരളസദസിന് പിന്നാലെ റബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഹരം; സബ്​സിഡിക്കുള്ള വെബ്സൈറ്റ് പൂട്ടി; എന്‍ഐസി നടപടി കോടികളുടെ കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന്

തിരുവനന്തപുരം: റബര്‍ വിലസ്ഥിരതാ ഫണ്ട് ഉയർത്തണമെന്ന് കർഷകരുടെ ആവശ്യം ശക്തമായിരിക്കെ വിലസ്ഥിരതാ പദ്ധതിയുടെ വെബ്സൈറ്റ് തന്നെ പൂട്ടി സര്‍ക്കാരിന്റെ ഇരുട്ടടി. സബ്​സിഡിക്കായി കര്‍ഷകര്‍ ബില്‍ അപ് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത് ഈ വെബ്സൈറ്റിലാണ്. സൈറ്റ് നിലച്ചതോടെ സബ്​സിഡിക്ക് അപേക്ഷിക്കാന്‍ കഴിയാതെയായി. കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തിയ നവകേരള സദസിന് സമാപനമായ ഉടന്‍ തന്നെയാണ് റബര്‍ കര്‍ഷകര്‍ക്ക് മുഖത്ത് പ്രഹരമേല്‍ക്കുന്നത്.

സര്‍വീസ് ചാര്‍ജ് ഇനത്തില്‍ സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെയാണ് ചുമതലയുണ്ടായിരുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എന്‍ഐസി) വെബ്സൈറ്റ് പൂട്ടിയത്. ebt.kerala.gov.in എന്ന് നെറ്റില്‍ തിരഞ്ഞാല്‍ ലഭ്യമല്ല എന്ന വിവരമാണ് ലഭിക്കുന്നത്. ആര്‍എസ്എസ് 4 റബര്‍ ഷീറ്റ് കിലോക്ക് 130-140 രൂപ ക്രമത്തിലാണ് വില ലഭിക്കുന്നത്. വിലസ്ഥിരതാ പദ്ധതി പ്രകാരം റബറിന് 170 രൂപ ലഭിക്കും. സബ്​സിഡി വഴി കര്‍ഷകര്‍ക്ക് നഷ്ടം നികത്താന്‍ കഴിയും. കഴിഞ്ഞ വര്‍ഷം 9 ലക്ഷത്തോളം ബില്ലുകളാണ് സര്‍ക്കാരിലേക്ക് അയച്ചത്. ഇക്കുറി 45000 ബില്ലുകളാണ് അയച്ചത്. അതിനിടയില്‍ സൈറ്റ് ലഭിക്കാതെയായി. ബില്ലുകള്‍ റബര്‍ ഉത്പാദക സംഘങ്ങളിലും ഫീല്‍ഡ് ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. നാല് ലക്ഷത്തിലേറെ കര്‍ഷകരുള്ള പദ്ധതിയാണിത്‌.

എന്‍ഐസി നല്‍കിയ കത്ത് അവഗണിച്ചു

കഴിഞ്ഞ എട്ട് വര്‍ഷമായി എന്‍ഐസിയാണ് സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. സര്‍ക്കാരും എന്‍ഐസിയും തമ്മിലുള്ള കരാര്‍ നവംബറില്‍ അവസാനിച്ചിരുന്നു. പ്രവര്‍ത്തനം തുടരണമെങ്കില്‍ കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് എന്‍ഐസി കത്ത് നല്‍കിയിരുന്നു. ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

റബറിന് നേരിട്ട വിലത്തകര്‍ച്ച കാരണം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ തുടരുമ്പോഴാണ് നേരിയ ആശ്വാസമായിരുന്ന വിലസ്ഥിരതാ പദ്ധതിയുടെ കടക്കലും കത്തിവെക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലായിരുന്നു. കര്‍ഷകര്‍ നിരന്തരം പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായിരുന്നില്ല.

റബര്‍ വിലസ്ഥിരതാ ഫണ്ട് 200 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതുവരെ ഈ ആവശ്യം നടപ്പിലായിട്ടില്ല. സബ്​സിഡി കുടിശികയും കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം സബ്​സിഡി ഇനത്തില്‍ കുടിശികയായി 54 കോടിയോളം സര്‍ക്കാര്‍ നല്‍കാനുണ്ട്. ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് നടപ്പ് സാമ്പത്തിക വര്‍ഷം ലഭിച്ചത് കിലോക്ക് 135 രൂപയായിരുന്നു. നഷ്ടം നികത്താനുള്ള വഴിയാണ് സബ്​സിഡി. 170 രൂപ പോലും ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് റബര്‍ ടാപ്പിംഗില്‍ നിന്നും പിന്‍വാങ്ങേണ്ടി വരും.

റബര്‍ ബോര്‍ഡിലും ആള്‍ക്ഷാമം

സൈറ്റ് വഴി എത്തുന്ന ബില്ലുകള്‍ റബര്‍ ബോര്‍ഡ് ഓഫീസര്‍ പരിശോധിച്ച് വേണം അംഗീകാരം നല്‍കാന്‍. റബര്‍ ബോര്‍ഡില്‍ ഓഫീസര്‍മാരുടെ എണ്ണം പരിമിതമാണ്. അതുകൊണ്ട് തന്നെ ബില്ലുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഇതിനിടയിലാണ് സൈറ്റും ലഭിക്കാതായത്. ഓരോ വര്‍ഷവും പുതിയ കര്‍ഷകര്‍ക്ക് വിലസ്ഥിരതാപദ്ധതിയില്‍ ചേരാന്‍ അവസരമൊരുക്കിയിരുന്നു. എന്നാല്‍ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം നിയന്ത്രിച്ച് സര്‍ക്കാര്‍ അതിനു കടിഞ്ഞാണിടുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

വിലസ്ഥിരതാ പദ്ധതിയുടെ വെബ്സൈറ്റ് ഉടനടി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കര്‍ഷകര്‍ക്ക് സബ്​സിഡി ലഭിക്കണമെങ്കില്‍ വെബ്സൈറ്റ് പ്രവര്‍ത്തിപ്പിക്കണം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരുന്ന ജനുവരി മാസം ആദ്യ വാരത്തില്‍ ഞങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും-ബാബു ജോസഫ് പറഞ്ഞു.

സബ്​സിഡി ഒരു ആശ്വാസമാണ്. സൈറ്റ് നിലച്ചതോടെ അപേക്ഷ നല്‍കാന്‍ കഴിയാത്ത അവസ്ഥയായി-അന്ത്യാളം റബര്‍ ഉത്പാദന സംഘം പ്രസിഡന്റ് ഔസേപ്പച്ചന്‍ വെള്ളിമൂലയില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. റബറിന് വില കിട്ടുന്നില്ല. 80 ശതമാനം ആളുകളും ഇപ്പോള്‍ റബര്‍ ഷീറ്റ് അടിക്കുന്നില്ല. ലാഭകരമല്ലാത്തത് കാരണമാണ് ഷീറ്റ് ഉത്പാദനം നിര്‍ത്തിയത്. പകരം റബര്‍ പാലാണ് വില്‍പ്പനക്ക് എത്തിക്കുന്നത്. കിലോക്ക് 200 രൂപ കിട്ടിയില്ലെങ്കില്‍ കൃഷികൊണ്ട് കാര്യമില്ല- ഔസേപ്പച്ചന്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top