വധശിക്ഷക്ക് ചിലവ് 2 ലക്ഷം; ‘ബഹുമാന്യരായ മുതിർന്ന പുരുഷന്മാർ’ക്ക് മാത്രം സാക്ഷിയാകാം; ചട്ടം വിചിത്രം

കേരളത്തിൽ ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കാൻ ജയിൽ വകുപ്പിന് ചെലവഴിക്കാൻ കഴിയുന്നത് രണ്ട് ലക്ഷം രൂപ വരെ. വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ജയിൽ ഉദ്യോഗസ്ഥരുടെ സംഘത്തിന് ഉള്ളതാണ് ഈ തുക. ഈ ചിലവ് സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും ഓഡിറ്റിങ്ങിനു വിധേയമാക്കാൻ പാടില്ലാത്തതുമാണ്.

2010ലെ കേരള ജയിൽ ചട്ടത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്‌ഥ ചെയ്തിട്ടുള്ളത്. വധശിക്ഷ നടപ്പാക്കാൻ ജയിൽ ജീവനക്കാർ തയ്യാറല്ലെങ്കിൽ പുറത്തു നിന്നുള്ള വ്യക്തിയേയോ ഒരു സംഘത്തെയോ ഇതിനായി നിയോഗിക്കാം. രണ്ട് ലക്ഷം രൂപയിൽനിന്നും ആവശ്യമായ തുക ഇതിനായി ഉപയോഗിക്കാം. ജയിൽ സൂപ്രണ്ടിനാണ് ഇതിനുള്ള അധികാരം.

വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ആളിന്റെ വാറൻ്റിൽ അത് നടപ്പാക്കേണ്ട സ്ഥലം പറയുന്നില്ലെങ്കിൽ ജയിൽ വളപ്പിനുള്ളിൽ ആണ് വധശിക്ഷ നടപ്പാക്കേണ്ടത്. ശിക്ഷ നടപ്പാക്കുന്ന സമയത്ത് സൂപ്രണ്ടും മെഡിക്കൽ ഓഫീസറും ജയിലിന്റെമേൽ അധികാരമുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റും ഹാജരായിരിക്കണം. കഴിവതും സൂര്യോദയത്തിന് ശേഷമായിരിക്കണം വധശിക്ഷ നടപ്പിലാക്കേണ്ടത്.

വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേരെ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമുണ്ട്. സമൂഹത്തിൽ ബഹുമാന്യരായ മുതിർന്ന പുരുഷൻമാരെയോ വധശിക്ഷക്ക് വിധേയനാകുന്ന ആളിന്റെ ബന്ധുക്കളായ മുതിർന്ന പുരുഷന്മാരെയോ ഇങ്ങനെ അനുവദിക്കാം എന്നാണ് ജയിൽ ചട്ടം പറയുന്നത്. എന്നാൽ ശിക്ഷ നടപ്പാക്കുന്ന ഒരു ഘട്ടത്തിലും മറ്റൊരു തടവുകാരനെയും അതിന് ഉപയോഗിക്കാൻ പാടില്ല. അവർ സാക്ഷിയാകാനും പാടില്ല.

ശിക്ഷ നടപ്പാക്കി കഴിയുമ്പോൾ മൃതദേഹം ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അവർ ആവശ്യപ്പെട്ടാൽ വിട്ടുനൽകണം. പ്രത്യേകമായ എന്തെങ്കിലും കാരണങ്ങൾ ഇല്ലെങ്കിൽ മൃതദേഹം അവർക്ക് നൽകാതിരിക്കരുത്.

വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടിട്ടുള്ള തിയതിക്ക് ഒരു ദിവസം മുൻപ് തൂക്കുകയർ പരിശോധിക്കണം. തുടർന്ന് അത് പ്രത്യേക സുരക്ഷയിൽ സൂക്ഷിക്കണം. ആളുടെ ഭാരം കണക്കാക്കി വേണം കയർ തിരഞ്ഞെടുക്കാൻ. പരുത്തി കൊണ്ടുള്ള വടമാണ് ഉപയോഗിക്കേണ്ടത്. 2.5 സെന്റിമീറ്റർ വ്യാസം ഉണ്ടായിരിക്കണം. ഇത്തരം മൂന്ന് വടങ്ങളെങ്കിലും ജയിലിൽ സൂക്ഷിക്കണം. ശിക്ഷയ്ക്ക്‌ വിധേയനാകുന്ന ആളിന്റെ ഭാരം 44 കിലോയിൽ കുറവാണെങ്കിൽ 1.98 മീറ്റർ നീളമുള്ള വടമാണ് ഉപയോഗിക്കേണ്ടത്. 57കിലോയിൽ കുറവാണെങ്കിൽ 1.83 മീറ്റർ നീളവും 70 കിലോയിൽ താഴെ ആണെങ്കിൽ 1.68 മീറ്റർ നീളമുള്ള വടവും 70 കിലോയ്ക്ക് മുകളിൽ ആണ് ഭാരമെങ്കിൽ 1.52 മീറ്റർ നീളമുള്ള വടവുമാണ് ഉപയോഗിക്കേണ്ടത് എന്ന് ജയിൽ ചട്ടം കൃത്യമായി പറയുന്നു. തൂക്കുകയർ പരിശോധിക്കുമ്പോൾ ആളിന്റെ ഭാരത്തിന്റെ ഒന്നര മടങ്ങു ഭാരം വടത്തിന്റെ ഒരറ്റത്തു കെട്ടിയും മറ്റേ അറ്റം തൂക്കുമരത്തിന്റ വിലങ്ങനെയുള്ള പടിയിൽ കെട്ടിയുമാണ് ബല പരിശോധന നടത്തേണ്ടത്.

തടവുകാരനെ തൂക്കുമരത്തിലേക്കു കൊണ്ടുപോകും മുൻപ് വാറൻ്റ് വായിച്ചു കേൾപ്പിക്കണം എന്നാണ് നിയമം. ജയിൽ സൂപ്രണ്ടാണ് ഇത് ചെയ്യേണ്ടത്. സൂപ്രണ്ട് ഇംഗ്ലീഷിൽ ഉറക്കെ വായിക്കുന്ന മരണ വാറൻ്റ് ശിക്ഷക്ക് വിധിക്കപ്പെട്ട ആളിന് മനസിലാകുന്ന ഭാഷയിൽ മൊഴിമാറ്റം നടത്തി കേൾപ്പിക്കണം.

വധശിക്ഷ നടപ്പിലാക്കിയാൽ ഒരു മണിക്കൂർ നേരം ശരീരം മരത്തിൽ തന്നെ തൂക്കി നിർത്തണം. തുടർന്ന് മെഡിക്കൽ ഓഫീസർ പരിശോധന നടത്തി മരണം ഉറപ്പുവരുത്തണം. ഇതിനുശേഷമേ താഴെ ഇറക്കാവൂ. ശിക്ഷ നടപ്പാക്കി കഴിഞ്ഞാൽ വധശിക്ഷക്കുള്ള വാറൻ്റ് പുറപ്പെടുവിച്ച കോടതിയിലേക്ക് വിശദ വിവരങ്ങൾ നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം ജയിൽ സൂപ്രണ്ട് പൂരിപ്പിച്ച് സമർപ്പിക്കണം.

കേരളത്തിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും മാത്രമാണ് വധശിക്ഷ നടക്കാനുള്ള സൗകര്യങ്ങൾ ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top