വൈകിയെത്തിയ റിപ്പോർട്ടിനെതിരെ ഭരണപക്ഷവും; പൂഴ്ത്തിയത് അഞ്ചു മാസം

തൃശൂർ പൂരം അലോങ്കോലമാക്കിയതിനെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ പൂഴ്ത്തിവച്ചത് അഞ്ചു മാസം. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണം എന്ന് നിർദേശിച്ച റിപ്പോർട്ടാണ് വ്യാപക വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഡിജിപി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഇന്നലെ സമർപ്പിച്ചത്. പൂരം ആസൂത്രണം ചെയ്ത് കലക്കിയയാണ് എന്നാരോപിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളെ തുടർന്നായിരുന്നു അന്വേഷണം. സംഭവം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്ന എഡിജിപി അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല.

പൂരം അലങ്കോലമാക്കിയത് എംആർ അജിത് കുമാറിൻ്റെ അറിവോടെ പോലീസാണ് എന്ന ഭരണകക്ഷി എംഎൽഎയുടെ ആരോപണം വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ വിജയിപ്പിക്കാണെന്ന ആരോപണം ഇതേ തുടർന്ന് ശക്തമായിരുന്നു. ഇതിനിടയിൽ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്പെൻഡ് ചെയ്തിരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ അനേഷണം നടക്കുന്നത് മറച്ചുവച്ച് വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്നായിരുന്നു സന്തോഷ് കുമാർ നൽകിയ മറുപടി.


സംഭവത്തിന് പിന്നാലെ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ സ്ഥലം മാറ്റിയിരുന്നു. നടപടി ഇതിലൊതുക്കി എന്ന വിമർശനങ്ങൾ ഉയരുന്നതിനിടയിലായിരുന്നു പിവി അൻവർ അജിത് കുമാറിനെതിരെ രംഗത്തെത്തിയത്. തുടർന്ന് വീണ്ടും പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് പോലീസിൻ്റെ പങ്ക് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ശക്തമായി. എന്നാൽ അഞ്ച് മാസത്തിലേറെയായി റിപ്പോർട്ട് പൂഴ്ത്തിയ എഡിജിപിയെ ചുമതലകളിൽ നിന്നും മാറ്റിയിരുന്നില്ല. റിപ്പോർട്ട് പരസ്യമാക്കണമെന്ന് ഭരണമുന്നണിയിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനമാണ് സിപിഐ നേതാവും എൽഡിഎഫ് എംഎൽഎയുമായ വി എസ് സുനിൽകുമാർ നടത്തിയത്.

അന്വേഷണ റിപ്പോർട്ട് എവിടെ എന്നതിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ മാസം 24 ന് മുമ്പ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. അതിന് മുമ്പ് സമർപ്പിക്കും എന്നാണ് തൻ്റെ പ്രതീക്ഷയെന്ന തരത്തിലുള്ള ഉറപ്പില്ലാത്ത ഒരു മറുപടിയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് എഡിജിപി പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.


തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപിയുടെ അന്വേഷണത്തിലെ കെണ്ടത്തൽ. സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് പൂരം പൂർത്തയാവാതെ നിർത്തിവയ്ക്കാൻ കാരണം. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണറുടെ പരിചയക്കുറവാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാന്ന് റിപ്പോർട്ടിലുള്ളത്.


എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളി സിപിഐ നേതാവും തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായിരുന്ന വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തി. ഒരു കമ്മിഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അജിത്‌ കുമാറിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ പറഞ്ഞു. എഡിജിപി അഞ്ചു മാസത്തിലേറെ വെകി സമർപ്പിച്ച റിപ്പോർട്ടിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഭരണ പ്രതിപക്ഷ നിരയിൽ നിന്നും ഉയർന്നു വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top