പോലീസ് ഫോൺ ചോർത്തുന്നുവെന്ന് ഇടത് എംഎൽഎ; മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവില്ലേ? കരുണാകരൻ യുഗത്തിൻ്റെ തനിയാവർത്തനം
കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎമ്മിന്റ സര്‍ക്കാര്‍ തന്നെ ഭരണ – പ്രതിപക്ഷ കക്ഷിയില്‍പ്പെട്ടവരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി എംഎല്‍എ ആയ പിവി അന്‍വര്‍ ഉന്നയിച്ചത്. ദേശീയ സുരക്ഷക്ക് അപകടമുണ്ടാക്കുന്നവരുടെ ഒഴിച്ച് മറ്റാരുടേയും ഫോണ്‍ ചോര്‍ത്താന്‍ പാടില്ലെന്ന് പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം. ഈ നിലപാട് സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പിണറായി വിജയന്റെ പോലീസ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുവെന്നാണ് അന്‍വര്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിയമ നിര്‍മ്മാണം വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ട പാര്‍ട്ടിയും സിപിഎമ്മാണ്. 2006 ജനുവരി ആദ്യം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് നിയമ നിര്‍മ്മാണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈയടുത്ത കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വന്ന ഘട്ടത്തിലും സിപിഎം നിലപാട് ആവര്‍ത്തിച്ചിരുന്നു.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1991- 95 കാലത്ത് പോലീസ് സേനയിലെ ചേരിതിരിവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും സര്‍ക്കാരിനെ പിടിച്ചുലച്ചതിന് സമാന അവസ്ഥയിലേക്കാണ് ഭരണകക്ഷി അംഗമായ പിവി അന്‍വറിന്റെ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.
കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതലയും അദ്ദേഹമാണ് വഹിച്ചിരുന്നത്. അന്നത്തെ പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കലും ഇന്റലിജന്‍സ് മേധാവിയായിരുന്ന ടിവി മധുസൂദനും തമ്മിലുള്ള പടലപിണക്കങ്ങള്‍ സര്‍ക്കാരിനേയും പോലിസ് സേനയേയും ഒരുപാട് വിവാദങ്ങളില്‍ ചാടിച്ചിരുന്നു. പോലീസിലെ ചേരിപ്പോര് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായും കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കരുണാകര വിരുദ്ധ ചേരിയില്‍പ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളും അക്കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നു. ഏതാണ്ട് അതേ നിലവാരത്തില്‍പ്പെട്ട ആരോപണങ്ങളാണ് അന്‍വറും ഉയര്‍ത്തുന്നത്.
സിപിഎം സമ്മേളനങ്ങള്‍ തുടങ്ങിയ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും പോലീസിനേയും നിയന്ത്രിക്കുന്ന പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലൊന്നും പാര്‍ട്ടിയുടെ ഒരു എംഎല്‍എ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി അച്ചടക്കത്തിന്റെ മാനദണ്ഡങ്ങളൊക്കെ മറികടന്നുള്ള അത്യന്തം ഗൗരവമേറിയ ആക്ഷേപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ നൊട്ടോറിയസ് ക്രിമിനലെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വിളിച്ചാല്‍ പോലീസ് ഭരണത്തില്‍ ആശാസ്യമല്ലാത്ത പലതും നടക്കുന്നുണ്ടന്നുള്ള പ്രതീതിയാണ് ജനങ്ങളിലേക്കെത്തുക.
മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്താന്‍ എഡിജിപിക്ക് പ്രത്യേക സംവിധാനമുണ്ട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഇല്ലായ്മ ചെയ്യാന്‍ എംആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള പോലീസുകാര്‍ ശ്രമിക്കുന്നുവെന്നാണ് അന്‍വറിന്റെ ആരോപണം. പാര്‍ട്ടി അനുമതി നല്‍കിയിട്ടാണോ അന്‍വര്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സിപിഎമ്മിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്നാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. അന്‍വറിന്റെ ഒട്ടുമിക്ക ആരോപണങ്ങളും പിണറായി വിജയനേയും അദ്ദേഹത്തിന്റെ വിശ്വസ്തനായ പി ശശിയേയും ലക്ഷ്യമിട്ടുള്ളതാണ്.
രണ്ട് സീനിയര്‍ ഐപിഎസുകാരായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൊലപാതകം, സ്വര്‍ണ കളളക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ അത്യന്തം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് പിവി അന്‍വര്‍ പറഞ്ഞത് ഒറ്റയടിക്ക് സര്‍ക്കാരിന് നിഷേധിക്കാനാവാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ എട്ടു കൊല്ലമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സിപിഎമ്മിന്റെ എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. കേട്ടുകേഴ്‌വിയുടെ അടിസ്ഥാനത്തിലല്ല താനിത് ഉന്നയിക്കുന്നതെന്നും അന്‍വര്‍ പറയുന്നുണ്ട്. തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനിടയില്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഏറെ വിയര്‍ക്കേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here