ബിജെപിയുടെ അവസാനം കണ്ടേ അടങ്ങൂ എന്ന് മഹുവ മൊയ്ത്ര; പാർലമെന്റിൽ തീപ്പൊരി പ്രസംഗം

ന്യൂഡൽഹി: ലോക്‌സഭയില്‍ തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ ആഞ്ഞടിഞ്ഞ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ ഭരണകാലത്ത് തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ ജനം നിശബ്ദരാക്കിയെന്ന് മഹുവ പരിഹസിച്ചു. ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാര്‍ലമെന്റ് ലോഗ് ഇന്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.

“ഏറ്റവും ഒടുവില്‍ ഞാന്‍ ഇവിടെ നിന്ന സമയത്ത് എനിക്ക് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു എംപിയെ നിശബ്ദയാക്കാന്‍ ശ്രമിച്ച ഭരണകക്ഷിക്ക് വലിയ വില നല്‍കേണ്ടിവന്നു. ബിജെപിയുടെ 63 അംഗങ്ങളെ ജനം പൂര്‍ണമായും നിശബ്ദരാക്കി. ഈ സര്‍ക്കാറിന് സ്ഥിരതയുണ്ടാകില്ല. പലതവണ മറുകണ്ടം ചാടിയവര്‍ക്കൊപ്പമാണ് ബിജെപി സഖ്യം ചേര്‍ന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശക്തമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഞങ്ങളോട് പെരുമാറാന്‍ നിങ്ങള്‍ക്കാകില്ല,” മഹുവ പറഞ്ഞു. പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് ശ്രീകൃഷ്ണന്‍ ദ്രൗപതിയെ രക്ഷിച്ചതു പോലെ കൃഷ്ണനഗറിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തന്നെയും രക്ഷിച്ചുവെന്ന് മഹുവ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. “എനിക്ക് അംഗത്വം നഷ്ടപ്പെട്ടു. എനിക്ക് എന്റെ വീട് നഷ്ടപ്പെട്ടു. ഒരു ശസ്ത്രക്രിയയില്‍ എന്റെ ഗര്‍ഭപാത്രവും നഷ്ടപ്പെട്ടു. പക്ഷെ ഞാന്‍ എന്താണ് നേടിയതെന്ന് നിങ്ങള്‍ക്കറിയാമോ? രാഹുല്‍ ഗാന്ധി പറഞ്ഞതാണ്, ഞാന്‍ നേടിയത്. നിങ്ങളെ ഭയപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം! ഞാന്‍ നിങ്ങളെയും നിങ്ങളുടെ ഏജന്‍സികളെയും ട്രോളുകളെയും നിങ്ങളുടെ ഗോഡി മീഡിയയെയും ഭയപ്പെടുന്നില്ല. നിങ്ങളുടെ അവസാനം ഞാന്‍ കാണും. ഞങ്ങള്‍ നിങ്ങളുടെ അവസാനം കാണും,” മഹുവ മൊയ്ത്ര ആഞ്ഞടിച്ചു.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ മഹുവ മൊയ്ത്ര വിമര്‍ശിച്ചു. ‘എം’ വച്ച് ഒരുപാട് വാക്കുകള്‍ പറഞ്ഞ മോദി മണിപ്പൂര്‍ എന്ന് മാത്രം മിണ്ടിയില്ലെന്ന് മഹുവ ചൂണ്ടിക്കാട്ടി. പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.

“എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ മണിപ്പൂര്‍ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എം’ അക്ഷരത്തില്‍ തുടങ്ങുന്ന ഒരുപാട് വാക്കുകള്‍ മോദി പറഞ്ഞിരുന്നു. മുസല്‍മാന്‍, മുല്ല, മദ്രസ, മുഗള്‍, മട്ടന്‍, മഛ്‌ലി, മംഗള്‍സൂത്ര… എന്നാല്‍ ഒരിക്കല്‍ പോലും മണിപ്പൂര്‍ എന്നൊരു വാക്ക് പറഞ്ഞില്ല,” മഹുവ മൊയ്ത്ര വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top