യുട്യൂബിന് 20,000,000,000,000,0000… പിഴ; രണ്ട് കഴിഞ്ഞ് 34 പൂജ്യങ്ങൾ !!
ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന കോടതി വിധിയെ തുടർന്ന് ഗൂഗിളിന് വൻതുക പിഴ ചുമത്തി റഷ്യ. 20 ഡെസില്യൺ ഡോളറാണ് ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് അടയ്ക്കേണ്ടത്. രണ്ട് കഴിഞ്ഞാൽ 34 പൂജ്യങ്ങൾ ഉൾപ്പെടുന്നതാണ് പിഴത്തുക. യുട്യൂബിലെ റഷ്യൻ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള ചാനലുകൾ തടഞ്ഞതാണ് നടപടിക്ക് കാരണം. 2022 മാർച്ചിൽ ആർ ടി, സ്പുട്‌നിക് എന്നിവയുൾപ്പെടെ നിരവധി റഷ്യൻ സർക്കാർ അനുകൂല ചാനലുകൾക്ക് യൂട്യൂബ് ആഗോള നിരോധനം ഏർപ്പെടുത്തിയിരുന്നു.
ആഗോളതലത്തിൽ 1,000ലധികം ചാനലുകളും 15,000ലധികം വീഡിയോകളും പ്ലാറ്റ്ഫോമിൽ നിന്നും യുട്യൂബ് നീക്കം ചെയ്തിരുന്നു. അക്രമ സംഭവങ്ങളെ നിസാരവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കത്തെ നിരോധിക്കുന്ന കമ്പനിയുടെ നയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. യുക്രെയ്ൻ സംഘർഷത്തെ ന്യായീകരിക്കുന്ന റഷ്യയുടെ വിവരണങ്ങളെ പിന്തുണയ്ക്കുന്ന ചാനലുകൾക്കെതിരെയായിരുന്നു ഇത്തരം കർശന നടപടികൾ സ്വീകരിച്ചത്.
ചാനലുകൾ നിരോധിച്ച നടപടിക്കെതിരെ 17 റഷ്യൻ പ്രക്ഷേപകർ ഗൂഗിളിനെതിരെ കേസുകൾ ഫയൽ ചെയ്യുകയും പ്ലാറ്റ്‌ഫോമിൽ ചാനലുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസുകളിലാണ് ഗൂഗിളിനെതിരെ റഷ്യൻ കോടതി വിധി പറഞ്ഞത്. റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് തുടർന്നാൽ രാജ്യത്ത് പ്ലാറ്റ്‌ഫോം പൂർണ്ണമായും ബ്ലോക്ക് ചെയ്യുമെന്ന് അധികൃതർ യുട്യൂബിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ALSO READ: ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസ നാലിരട്ടിയിലേറെ വർധിപ്പിച്ച് ജർമനി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here