യുക്രെയ്നുനേരെ ഇതുവരെ പ്രയോഗിക്കാത്ത ആയുധം; മോസ്കോ നൽകിയത് ആണവയുദ്ധത്തിൻ്റെ സൂചനയോ!! സംഭവിച്ചത് എന്തെന്ന് പറയാതെ കീവ്
യുക്രെയ്നുമായുള്ള യുദ്ധത്തിനിടയിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധം ഉപയോഗിച്ച് റഷ്യ. ഇന്ന് രാവിലെ റഷ്യയിലെ തെക്കൻ അസ്ട്രഖാൻ മേഖലയിൽ നിന്നും യുക്രെയ്നുനേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം)
വിക്ഷേപിച്ചതായി കീവ് സ്ഥിരീകരിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് റഷ്യ ഇത്തരമൊരു ദീർഘദൂര മിസൈൽ ഉപയോഗിക്കുന്നത്. ഏതു തരത്തിലുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒരു ഹൈപ്പർസോണിക് മിസൈലും ഏഴ് കെഎച്ച് 101 ക്രൂയിസ് മിസൈലുകളും റഷ്യ വിക്ഷേപിച്ചു. ഇതിൽ ആറെണ്ണം വെടിവച്ചിട്ടതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. RS-26 Rubezh എന്ന ഐസിബിഎമ്മാണ് റഷ്യ വിക്ഷേപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
11,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ ശക്തമായ മിസൈൽ ആണ് റഷ്യ തൊടുത്തത് എന്നാണ് വിവരം. ഈ ആക്രമണത്തെ കടുത്ത ആശങ്കയോടെയാണ് യുക്രെയ്നും സഖ്യകക്ഷികളും കാണുന്നത്. അണുവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകളാണ് റഷ്യ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ എന്നാണ് റിപ്പോർട്ടുകൾ . യുദ്ധത്തിൽ ആവശ്യമെങ്കിൽ ആണവായുധ പ്രയോഗം നടത്തുമെന്ന റഷ്യയുടെ താക്കീതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തലുകൾ.
Also Read: റഷ്യയെ പിണക്കി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കുമോ? പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
മധ്യ-കിഴക്കൻ നഗരമായ ഡിനിപ്രോയിലെ സംരംഭങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു റഷ്യൻ മിസൈൽ ആക്രമണമെന്നാണ് യുക്രെയ്ൻ വ്യോമസേന പറയുന്നത്. എന്നാൽ ഐസിബിഎം എന്താണ് ലക്ഷ്യം വച്ചതെന്നോ എന്തെങ്കിലും നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിനെപ്പറ്റി വ്യോമസേന വ്യക്തമാക്കാൻ തയ്യാറായില്ല. എന്നാൽ മിസൈൽ ആക്രമണം ഒരു വ്യാവസായിക സംരംഭത്തിന് നാശനഷ്ടമുണ്ടാക്കിയെന്നും ഡിനിപ്രോയിൽ തീപിടുത്തമുണ്ടായെന്നും റീജിയണൽ ഗവർണർ സെർഹി ലിസാക്ക് പറഞ്ഞു. രണ്ട് പേർക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു.
Also Read: റഷ്യക്കെതിരെ യുക്രെയ്നിലേക്ക് ഇന്ത്യൻ ആയുധങ്ങളും; ഒളിച്ചുകളി തുടർന്ന് രാജ്യങ്ങൾ
ബ്രയാൻസ്‌ക് മേഖലയിലെ ആയുധ സംഭരണശാലയിൽ യുക്രെയ്‌ന്‍ നടത്തിയ ആക്രമണത്തിൽ യുഎസ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി മോസ്കോ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഷ്യയ്‌ക്ക് എതിരെ തങ്ങളുടെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌ന്‍ റഷ്യയ്‌ക്ക് എതിരെ തൊടുത്തത്.
അതേസമയം തങ്ങളുടെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കുന്നതിനായി യുക്രെയ്‌നെ പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിച്ചാല്‍ അവര്‍ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയ്ക്കും ആയുധങ്ങൾ നൽകുന്ന ബ്രിട്ടനും റഷ്യയുടെ ഒരു താക്കീതായിട്ടാണ് ഇന്നത്തെ ആക്രമണത്തെ കണക്കാക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here