‘വെടിനിർത്തൽ ചർച്ചക്ക് തയ്യാറായ റഷ്യ’; സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് ആ അപ്രതീക്ഷിത നടപടി
യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് തിരിച്ചടിയായത് കുർക്സ് ആക്രമണമെന്ന് റിപ്പോർട്ട്. ഈ മാസം ഖത്തറിലെ ദോഹയിൽ നടക്കാനിരുന്ന വെടിനിർത്തൽ ചർച്ചയെ യുക്രെയ്ൻ്റെ അപ്രതീക്ഷിത ആക്രമണം ബാധിച്ചെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഊർജ്ജ ഗ്രിഡുകളിലെ നിരന്തരമായ ആക്രമണങ്ങൾ തടയുന്ന ഒരു കരാറിൽ ഒപ്പിടാൻ ഇരു രാജ്യങ്ങളും തയ്യാറായപ്പോഴാണ് ആക്രമണം നടന്നത്.
കുർസ്കിൽ യുക്രെയ്ൻ സൈന്യം പിടിമുറുക്കുകയാണെന്ന് പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. റഷ്യൻ സപ്ലൈ റൂട്ടുകളെയും സൈനിക നീക്കങ്ങളെയും തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഈ ആക്രമണത്തിൽ ഒരു പാലം യുക്രെയ്ൻ തകർത്തതായി മോസ്കോയും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയും തുർക്കിയും നിരവധി തവണ നയതന്ത്ര ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇരുവശത്തുനിന്നും ഉണ്ടായ തുടർച്ചയായ ആക്രമണങ്ങള്‍ കാരണം അവ പരാജയപ്പെടുകയായിരുന്നു.
പാശ്ചാത്യ സൈനിക ശക്തിയായ നാറ്റോയിൽ ചേരാൻ യുക്രെയ്ൻ എടുത്ത തീരുമാനമാണ് നിലവിലെ യുദ്ധത്തിന് വഴിവച്ചത്. ഇതേത്തുടർന്ന് 2022 ഫെബ്രുവരി 24ന് റഷ്യ യുദ്ധം തുടങ്ങുകയായിരുന്നു. എപ്പോൾ അവസാനിക്കുമെന്നോ ഫലം എന്താവുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയാത്ത രീതിയിൽ സങ്കീര്‍ണം ആയിരിക്കുകയാണ് നിലവില്‍ റഷ്യ – യുക്രെയ്ൻ സംഘർഷം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here