റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് ഇന്ത്യ; അജിത് ഡോവല്‍ മോസ്കോയിലേക്ക്
റഷ്യ- യുക്രെയ്ന്‍ പ്രശ്നത്തില്‍ സമാധാന ശ്രമവുമായി ഇന്ത്യ. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിച്ചേക്കും. ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്കോയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യ – യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. അന്ന് റഷ്യ- യുക്രെയ്ന്‍- സംഘര്‍ഷം ചര്‍ച്ചയായിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്നും മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് യുക്രൈയ്നിലേക്കും മോദി സന്ദര്‍ശനം നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയോടും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചര്‍ച്ചകള്‍ക്ക് മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here