റഷ്യൻ-ബെലാറസ് അത്‌ലറ്റുകളെ ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കില്ല; കാരണം ഔദ്യോഗിക പ്രതിനിധിസംഘം ഇല്ലാത്തത്, താരങ്ങൾ മത്സരിക്കുന്നത് വ്യക്തിഗത നിലയിൽ

സ്വിറ്റ്സർലൻഡ്: ജൂലൈയിൽ ആരംഭിക്കുന്ന 2024ലെ പാരീസ് ഒളിംപിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങിൽ റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിലെ അത്‌ലറ്റുകളെ പങ്കെടുപ്പിക്കില്ല. അന്താരാഷ്ട്ര ഒളിംപിക്‌ കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡിന്റെയാണ് തീരുമാനം.

യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിലെ അത്‌ലറ്റുകൾക്ക് വ്യക്തിഗതമായി മാത്രമേ പങ്കെടുക്കാൻ സാധിക്കു എന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ ഐഒസി പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന് മത്സരിക്കാൻ അനുമതിയില്ല. എന്നാൽ യോഗ്യത നേടിയ താരങ്ങൾക്ക് വ്യക്തിഗതമായി പങ്കെടുക്കാം. ഇവർക്ക് ലഭിക്കുന്ന മെഡലുകൾ പട്ടികയിൽ പ്രദര്‍ശിപ്പിക്കില്ല. പകരം ‘ഇൻഡിവിഡ്വൽ ന്യൂട്രൽ അത്‌ലറ്റ്’ (എഐഎൻ) എന്ന വിഭാഗത്തിലാകും ഇവരെ ഉൾപ്പെടുത്തുക. മെഡൽ ലഭിക്കുമ്പോൾ ഒളിംപിക്‌ കമ്മിറ്റി വിഭാവനം ചെയ്ത എഐഎൻ ഫ്ലാഗ് പ്രദർശിപ്പിക്കും. എഐഎൻ ഔദ്യോഗിക ഗാനവും കേൾപ്പിക്കും.

ആദ്യമായി നദീ തീരത്ത് നടത്തുന്ന ഉദ്‌ഘാടന ചടങ്ങാണ് ഇത്തവണത്തേത്. പങ്കെടുക്കാൻ കഴിയില്ലെങ്കിലും താരങ്ങൾക്ക് ചടങ്ങ് കാണാൻ അവസരം ഒരുക്കുമെന്ന് ഒളിംപിക്‌ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഫ്രാൻസിലെ സെയ്ൻ നദി തീരത്ത് ജൂലൈ 26നാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top